പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കടുവ സെന്‍സസ് തുടങ്ങി
തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി. കടുവാ സങ്കേതത്തിലെ പെരിയാര്‍, തേക്കടി, വളളക്കടവ് ഉള്‍പ്പെടെയുള്ള അഞ്ചു റേഞ്ചുകളില്‍ 252 ബ്ലോക്കുകളായി തിരിച്ചാണ് സെന്‍സസ് നടത്തുന്നത്. ഒരു ബ്ലോക്കില്‍ രണ്ട് സെറ്റ് കാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.
ഇതിനായി 504 കാമറകളാണ് 925 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥാപിക്കുക. കടുവകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്ന വനമേഖലകളില്‍ തറനിരപ്പില്‍ നിന്നും രണ്ടര അടി ഉയരത്തില്‍ ഇരുവശങ്ങളിലായാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. ഈ കാമറകളില്‍ 180 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണുള്ളത്. എത്ര വലിയ മൃഗങ്ങള്‍ എത്തിയാലും ഈ കാമറ ഇവയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കും. നിശ്ചിത സമയത്തിനു മുകളില്‍ ഇവ കാമറയുടെ സമീപത്ത് നിന്നാല്‍ ഇവയുടെ വീഡിയോ ചിത്രങ്ങളും മെമ്മറി കാര്‍ഡില്‍ ശേഖരിക്കും.
കാമറയില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സര്‍ മുഖേനെയാണ് ഇതിനു മുന്നിലൂടെ കടന്നു പോകുന്ന ഈച്ച ഉള്‍പ്പെടെയുള്ള ജീവികളുടെ ചിത്രം പകര്‍ത്താന്‍ കഴിയുക. സെന്‍സസ് പരിപാടികള്‍ നവംബര്‍ 17ന് പൂര്‍ത്തിയാകും.കടുവകളുടെ കണക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് തന്നെ പെരിയാറിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.കടുവയോടൊപ്പം മറ്റ് മൃഗങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനായി ഡേറ്റാ ബാങ്കും നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് കാമറയിലെ മെമ്മറി കാര്‍ഡില്‍ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (എന്‍ടിസിഎ)ക്ക് കൈമാറും.
എന്‍ടിസിഎ കടുവകളുടെ ശരീരത്തുള്ള വരകള്‍ വിശകലം നടത്തിയാണ് ഇവയുടെ എണ്ണം ഔദ്യോഗികമായി പുറത്തു വിടുക.പെരിയാര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള മേഖലകളില്‍ പെരിയാര്‍ കടുവാ സങ്കേതവും പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള വനമേഖലകളില്‍ പറമ്പിക്കുളം വന്യജീവി സങ്കേതവുമാണ് കടുവകളുടെ കണക്കെടുപ്പിന് നേതൃത്വം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."