ജയലളിതയുടെ ആരോഗ്യ നില: സമൂഹ മാധ്യമങ്ങള്ക്കെതിരേ പൊലിസ്
ചെന്നൈ: ജയലളിതയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് സൈബര്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്ത അത്ര ശുഭകരമല്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞ് ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആശുപത്രിക്കു മുന്നില്‍ എത്തുന്ന ആരാധകരുടെ എണ്ണം കൂടുകയാണ്. ഇതേതുടര്‍ന്ന് പൊലിസും ജാഗ്രതയോടെ രംഗത്തെത്തിയിട്ടുണ്ട്.
വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇതിനകം 50 കേസുകളാണ് പൊലിസ് എടുത്തിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യമായി കണക്കാക്കിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 10ാം തിയതി മുതല്‍ ജയലളിതയുടെ ആരോഗ്യ നിലയെക്കുറിച്ച് ഒരു തരത്തിലുള്ള വാര്‍ത്തകളും പുറത്തെത്തുന്നില്ല. അപ്പോളോ ആശുപത്രി തുടര്‍ച്ചയായി ഇറക്കികൊണ്ടിരുന്ന മെഡിക്കല്‍ ബുള്ളറ്റിന് ഇപ്പോള്‍ പുറത്തിറക്കുന്നില്ല. അണ്ണാ ഡി.എം.കെയും ഇതുസംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. ഇതോടെയാണ് ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന പേരില്‍ 50 പേര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തതിന് പുറമെ എട്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത നല്‍കുന്നവര്‍ക്ക് പൊലിസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിചട്ടപ്രകാരം കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യത്തില്‍ പെടുത്തി ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."