കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനെതിരെ പരാതി
കാഞ്ഞാണി: ഗതാഗത കുരുക്കഴിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് മണലൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കാഞ്ഞാണി ബസ് സ്റ്റാന്‍ഡില്‍ എത്തിപെടണമെങ്കില്‍ സാഹസിക യാത്ര വേണമെന്ന് പരാതി. അന്തിക്കാട് ഭാഗത്ത് നിന്ന് ബസില്‍ വന്നിറങ്ങുന്ന യാത്രക്കാരാണ് സാഹസികമായി റോഡ് മുറിച്ച് കടക്കേണ്ടി വരുന്നത്. സ്റ്റാന്‍ഡില്‍ കയറുന്നതിന് പകരം അന്തിക്കാട് ഭാഗത്ത് നിന്നുള്ള ബസുകള്‍ കാഞ്ഞാണി സെന്ററില്‍ നിര്‍ത്തുകയും ആളെ ഇറക്കി നിയമം ലംഘിച്ച് തൃശൂര്‍ റോഡിലേക്ക് കയറുകയുമാണ് ചെയ്യുന്നത്. സ്റ്റാന്‍ഡിലെത്താതെ നടുറോഡില്‍ ഇറക്കി വിടപ്പെട്ട യാത്രക്കാരില്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമാണ് പെടാപാട് പെടുന്നത്.
ഇടതടവില്ലാതെ വാഹനങ്ങള്‍ കുതിക്കുന്ന തൃശൂര്‍ വാടാനപ്പള്ളി റോഡ് മുറിച്ച് കടന്ന് വേണം ഇവര്‍ക്ക് സ്റ്റാന്‍ഡിലെത്തി യാത്ര തുടരാന്‍ ഇത്തരത്തിലുള്ള സാഹസിക റോഡ് മുറിച്ച് കടക്കലിനിടയില്‍ പാഞ്ഞ് വന്ന വാഹനങ്ങള്‍ തട്ടി യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കലും കുറവല്ല. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടി കാഞ്ഞാണിയിലെ വ്യാപാരികളും നാട്ടുകാരും യാത്രക്കാരും ഉള്‍പ്പടെ 61 പേര്‍ ഒപ്പിട്ട നിവേദനം ജില്ല കലക്ടര്‍ക്ക് നല്‍കിയിട്ട് മാസങ്ങളായി. പരാതിയുടെ കോപ്പി പൊലിസ് മേധാവിക്ക് പുറമെ അന്തിക്കാട് പൊലിസിനും നല്‍കി. ഈ പരാതിക്കു അതെഴുതിയ കടലാസിന്റെ വിലപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാസ് പെറ്റീഷന്‍ തയ്യാറാക്കിയവര്‍ രോഷം കൊള്ളുന്നു. ഇതിന് പുറമെയാണ് ബസുകളും ടിപ്പറുകളും മുഴക്കുന്ന എയര്‍ ഹോണ്‍ ശബ്ദം. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരക രോഗങ്ങള്‍ക്ക് കാരണവും മറ്റുള്ളവര്‍ക്ക് ബധിരതയും ഹൃദ്‌രോഗവും സൃഷ്ടിക്കുമെന്ന് കണ്ടെത്തിയ എയര്‍ ഹോണ്‍ നിയമം മൂലം നിരോധിക്കപ്പെട്ടുവെങ്കിലും ഒന്നും സംഭവിച്ചില്ല. നിയമ ലംഘനം കണ്ടെത്തി നടപടി സ്വീകരിക്കേണ്ട പൊലിസ് കണ്ട ഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കൂനില്‍ മേല്‍ കുരുവെന്നോണം ട്രാഫിക് നിയമങ്ങളും മറ്റും പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ചുമതലയുള്ള അന്തിക്കാട് എസ്.ഐമാര്‍ കൂടെ കൂടെ മാറുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുകയാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മൂന്ന് എസ്.ഐമാരാണ് മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."