വള്ളത്തോള്‍ നഗറില്‍ അഞ്ച് ഏക്കര്‍ തരിശ് ഭൂമി പച്ചയണിയുന്നു
ചെറുതുരുത്തി: വളയിട്ട കൈകളുടെ നിശ്ചയ ദാര്‍ഢ്യത്തില്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ അഞ്ച് ഏക്കര്‍ പാടശേഖരം പച്ച പട്ടണിയുന്നു. വര്‍ഷങ്ങളായി തരിശിട്ടിരുന്ന കുളമ്പ് മുക്ക് പാടശേഖരമാണ് നീണ്ട ഇടവേള്ക്ക് ശേഷം നെല്‍കൃഷിയുടെ നിറവിലമരുന്നത്. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പൊന്‍കതിര്‍ , വനിതാ ലേബര്‍ബാങ്ക്, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കല്‍. വെള്ളത്തിന്റെ അഭാവവും, കാര്‍ഷിക വൃത്തിക്ക് തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയുമായിരുന്നു പാടശേഖരം തരിശായി മാറുന്നതിലേക്ക് നയിച്ചത് ഈ പ്രശ്‌നത്തിനും വനിതാ കൂട്ടായ്മ പരിഹാരം ക ണ്ടെത്തി. പാടശേഖരത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്ന് കൈതോട് നിര്‍മിച്ച് വെള്ളം പാടശേഖരത്ത് എത്തിച്ചാണ് കൃഷിക്ക് വെള്ളം ഉറപ്പാക്കിയത്. കെ.പി സുജാതയുടെ നേതൃത്വത്തിലുള്ള 10 വനിതകളാണ് നേതൃത്വം നല്‍കുന്നത്. തരിശായി കിടക്കുന്ന കൂടുതല്‍ പ്രദേശങ്ങള്‍ വിട്ട് നല്‍കിയാല്‍ കൃഷി ഇറക്കാന്‍ ഒരുക്കമാണെന്ന് വനിതാ കൂട്ടായ്മ പ്രഖ്യാപിയ്ക്കുമ്പോള്‍ അത് പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഉണര്‍ത്ത് പാട്ടാവുകയാണ്. വന്‍ ജനകീയ പങ്കാളിത്തത്തോടെ ഉത്സവ നിറവിലായിരുന്നു നടീല്‍ ഉത്സവം പ്രത്യേകം തയ്യാറാക്കിയ പായ ഞാറ്റടി ഉപയോഗിച്ചായിരുന്നു പാടശേഖരം പച്ച പട്ടണിയിച്ചത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ വിനീത ബാബു അധ്യക്ഷയായി. തമ്പി മണി, ജയകൃഷ്ണന്‍, സുമിത്ര, ഷണ്‍മുഖന്‍, സുലൈമാന്‍, ഭാനുമതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."