കോഴിക്കോഴ കേസ്: അന്വേഷണം പ്രത്യേകസംഘത്തിന്
കൊച്ചി: കോഴിക്കോഴ കേസ് അന്വേഷിക്കാനായി പ്രത്യേകസംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമിച്ചു. കേസില്‍ കെ.എം മാണിക്ക് വിജിലന്‍സ് നിയമോപദേശകന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഈ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
കേസ് ആദ്യം പരിഗണനയില്‍ വന്നപ്പോള്‍ അന്ന് നിയമോപദേശകനായിരുന്ന അഡ്വ. മുരളീകൃഷ്ണന് വിവരങ്ങള്‍ മറച്ചുവച്ച് മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണവിധേയനായ മുരളീകൃഷ്ണയ്ക്ക് പുനര്‍നിയമനം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കോഴിക്കോഴ കേസില്‍ കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലുള്ള പരാതികളില്‍ എറണാകുളം റേഞ്ച് അന്വേഷിക്കുന്നതിന് പകരം പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി മാണിക്കെതിരായ എഫ്.ഐ.ആറും തിരുവനന്തപുരത്തേക്ക് കൈമാറി.
കോഴിക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 62 കോടിയുടെ നികുതി പിരിച്ചെടുക്കുന്നതില്‍ സ്റ്റേ നല്കി എന്ന കേസിലാണ് വിജിലന്‍സ് മാണിക്കെതിരേ എഫ്.ഐ.ആര് തയ്യാറാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."