ചികിത്സ പൂര്‍ത്തീകരിച്ചെങ്കിലും തോമസിന് തല ചായ്ക്കാനിടമില്ല
കുന്നംകുളം: താലൂക്ക് ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തീകരിച്ചിട്ടും ആശുപത്രിയില്‍ നിന്നും ഒഴിയാത്ത അനാഥനായ വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ ശ്രമം. കാണിപ്പയ്യൂര്‍ സ്വദേശിയായ 65 കാരനായ തോമസാണ് താലൂക്ക് ആശുപത്രിയിലെ ചികിത്സ ലഭിച്ച് അസുഖം ഭേദമായിട്ടും ആശുപത്രി കെട്ടിടത്തില്‍ തുടരുന്നത്. വികലാംഗനായ ഇയാള്‍ പല അസുഖങ്ങളുടെ പേരു പറഞ്ഞ് രണ്ട് വര്‍ഷക്കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നതുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഒരു തവണ മെഡിക്കല്‍ കോളജിലേക്കു പറഞ്ഞു വിട്ടുവെങ്കിലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ വീണ്ടും ആശുപത്രിയിലേക്ക് തിരികെയെത്തി. വീല്‍ചെയറിലാണ് തോമസിന്റെ സഞ്ചാരം. പണ്ട് മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. തോമസിന് നിലവില്‍ ബന്ധുക്കളാരുമില്ലെന്നാണ് പറയുന്നത്.ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഒ.പി രോഗികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടി നിര്‍മിച്ച വെയ്റ്റിങ് ഷെഡിലാണ് ഇയാള്‍ കഴിയുന്നത്.
മാസങ്ങള്‍ പിന്നിട്ടിട്ടും ഇയാള്‍ ഇവിടം വിട്ടുപോകാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കാരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. താജ്‌പോള്‍ നഗരസഭ അധികൃതരേയും പൊലിസിനേയും വിവരമറിയിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ട നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരനും കൗണ്‍സിലര്‍ സോമനും തോമസിനെ വൃദ്ധസദനത്തിലേക്ക് മാറ്റുവാനുളള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിലെത്തി ഇതു സംബന്ധിച്ച് ഇരുവരും തോമസിനോട് സംസാരിച്ചപ്പോള്‍ വൃദ്ധസദനത്തിലേക്ക് മാറാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. സ്ഥലത്തെത്തിയ കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദും ആശുപത്രി കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പത്ത് ദിവസം കൂടി തന്നെ ഇവിടെ തുടരുവാന്‍ അനുവദിക്കണമെന്നും, അതിനു ശേഷം പോകാമെന്നും തോമസ് അധികൃതരെ അറിയിച്ചു. എന്നാല്‍ വികലാംഗനായ ഇയാള്‍ പുറത്തു കഴിയുന്നത് സുരക്ഷിതമല്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഒഴിവുള്ള വാര്‍ഡില്‍ കഴിയുന്നതിനുളള സൗകര്യം താല്‍ക്കാലികമായി ഒരുക്കിയിട്ടുണ്ട്. വികലാംഗനായ തോമസിനെ സംരക്ഷിക്കുന്നതിനായി ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."