ജിഷ വധം: ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍
സ്വന്തം ലേഖകര്‍
തിരുവനന്തപുരം/ കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി സൂചന.
ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ എന്ന യുവാവിനെയാണ് പൊലിസ് പിടികൂടിയതെന്നാണ് വിവരം.
ഇയാളുടെ മുന്നിലെ പല്ലുകള്‍ തമ്മില്‍ വിടവുകളുണ്ട്. ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് പല്ല് അകന്ന ഒരാളുടേതാണെന്ന ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ലിസ ജോണ്‍ നല്‍കിയ സൂചന പിന്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഹരികുമാര്‍ പിടിയിലായത്.
അതേസമയം ഹരികുമാര്‍ പിടിയിലായ വിവരം പൊലിസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്ന് പ്രതിയുമായി വാര്‍ത്താസമ്മേളനം നടത്താനാണ് പൊലിസ് ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിയെ പിടികൂടിയിരിക്കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ അന്വേഷണ സംഘത്തോട് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. നേരത്തെ പലരേയും പൊലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കേസുമായി ബന്ധപ്പെടുത്താന്‍ തക്ക തെളിവൊന്നും കിട്ടിയിരുന്നില്ല. ഏപ്രില്‍ 29ന് പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടക്കുന്നതിനിടെയാണ് പൊലിസ് ഡെപ്യൂട്ടി ഫോറന്‍സിക് സര്‍ജന്റെ റാങ്കുള്ള ലിസ ജിഷയുടെ ശരീരത്തിലെ മുറിവ് കണ്ടത്. ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് മൂര്‍ച്ചയേറിയ ആയുധം കൊണ്ടല്ലെന്ന് അപ്പോള്‍ തന്നെ ലിസയ്ക്ക് മനസിലായി. ഫോറന്‍സിക് വിഭാഗത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന്റെ ചിത്രങ്ങള്‍ ലിസ തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് വിവരം പൊലിസുമായി പങ്കുവച്ചത്.
ജിഷയുടെ ചുരിദാറിലൂടെയാണ് തോളില്‍ കടിയേറ്റിരുന്നത്. അതിനാല്‍ തന്നെ പ്രതിയുടെ ഉമിനീരും ജിഷയുടെ ചുരിദാറിലുണ്ടായിരുന്നു. ഇത് പിന്നീട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചിരുന്നു. അതിന്റെ ഫലം ഇന്നലെ പൊലിസിനു കൈമാറി.
കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ ആദ്യ നിഗമനം.
എന്നാല്‍ മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകള്‍ കൊണ്ടു പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ സൂചനയാണെന്നാണ് പൊലിസിന്റെ അനുമാനം. മൃതദേഹത്തില്‍ ആഴം കുറഞ്ഞ മുറിവുകള്‍ കൂടുതല്‍ എണ്ണം കാണാറുള്ളത് ഇര കൊലയാളിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ്.
കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതിനു ശേഷമാകാം ജിഷ നിശ്ചലയായത്. ശരീരത്തിലും വസ്ത്രത്തിലും രക്തം പുരണ്ടാല്‍ പിന്നീട് ഏറെ നേരം കൊലയാളി സ്ഥലത്തു തങ്ങാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ മാസമാണ് പെരുമ്പാവൂരിലെ വീട്ടില്‍വച്ച് ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. ജിഷയും പ്രതിയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതും കേസില്‍ നിര്‍ണായക തെളിവാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വെള്ളിയാഴ്ച്ച പൊലിസ് ജിഷയുടെ വീടിന് സമീപം പ്രദര്‍ശിപ്പിച്ച ചെരുപ്പ് നിലവില്‍ കസ്റ്റഡിയിലുള്ള ആളുടേതല്ലെന്നും പൊലിസ് പറഞ്ഞു. കാരണം ഇയാള്‍ 10 ഇഞ്ചിന്റെ ചെരുപ്പാണ് ഉപയോഗിക്കുന്നത്.
വീടിന് സമീപത്ത് നിന്നും കണ്ടെടുത്ത ചെരുപ്പ് ഏഴ് സെന്റിമീറ്റര്‍ മാത്രമാണുള്ളത്. ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരില്‍ ആളികത്തുന്ന ജനരോഷത്തെ കണക്കിലെടുത്ത് ആലുവയിലോ കൊച്ചിയിലോ വെച്ചായിരിക്കും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."