തെരുവുനായ്ക്കളുടെ അക്രമം വര്‍ധിക്കുന്നു; കണ്ണടച്ച് അധികൃതര്‍
തൊടുപുഴ: തെരുവ്‌നായ്ക്കള്‍ വര്‍ധിത ക്രൗര്യത്തോടെ നാടുനീളെ അലഞഅഞിട്ടും അധികൃതര്‍ മൗനത്തില്‍. നഗരത്തില്‍ പ്രധാന റോഡിലും ബസ്സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലും ഉള്‍പ്പെടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കുമാണ് ഏറെ ഭീഷണിയായിരിക്കുന്നത്. കൂട്ടമായി നടക്കുന്ന ഇവ ആക്രമിക്കുമെന്ന ഭീതിയില്‍ സ്ത്രീകളും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണു സഞ്ചരിക്കുന്നത്.
തൊടുപുഴ ടൗണ്‍ ചര്‍ച്ചിന് മുന്‍വശം യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥിരമായി നായ്ക്കൂട്ടം താവളമടിച്ചിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്മൂലം ഭയന്നാണ് ഇത്‌വഴി സഞ്ചരിക്കുന്നത്.
ഇക്കാര്യത്തില്‍ നഗരസഭാ അധികൃതര്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ല.നായ്കള്‍ ആരെയും കടിക്കാത്തതിനാല്‍ ഇവര്‍ ഇവിടെ സസുഖം ജീവിക്കട്ടെ എന്ന നിലപാടിലാണ് അധികൃതര്‍. തൊട്ടതിനും പിടിച്ചതിനും നഗരസഭാ കൗണ്‍സിലില്‍ വിവാദം ഉണ്ടാക്കുന്ന ജനപ്രതിനിധികള്‍ നായശല്യം അറിഞ്ഞമട്ടില്ല. നഗരത്തിലെ പ്രധാന റോഡിലൂടെ യാതൊരു സങ്കോചവുമില്ലാതെ പായുന്ന നായ്ക്കളുടെ ശല്യം ദിവസംതോറും കൂടിവരികയാണ്. നഗരസഭാ ബസ്സ്റ്റാന്‍ഡ്, നാലുവരിപ്പാത, മുണ്ടേകല്ല്, കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസ് എന്നിവിടങ്ങളിലെല്ലാം പകലും രാത്രിയും വ്യത്യാസമില്ലാതെ കൂട്ടത്തോടെ ഡസന്‍ കണക്കിനു തെരുവുനായ്ക്കളാണ് അലഞ്ഞുതിരിയുന്നത്.
ഇരുചക്രവാഹന യാത്രക്കാര്‍ പോകുമ്പോള്‍ തെരുവുനായ്ക്കള്‍ പെട്ടെന്നു റോഡിലേക്കു ചാടുന്നതും വാഹനത്തിനു കുറുകെ ഓടുന്നതുമെല്ലാം വലിയ അപകടങ്ങള്‍ക്കു കാരണമാകുകയാണ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ നായ്ക്കളെ ഇടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.
ഇതിനു പുറമേ കോഴികളെയും ആടുകളെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു പരുക്കേല്‍പിച്ചിട്ടുണ്ട്. സ്‌കൂളുകളിലേക്കു കുട്ടികളെ ഒറ്റയ്ക്കു നടത്തിവിടാനും രക്ഷിതാക്കള്‍ ഭയക്കുകയാണ്. സൈക്കിളില്‍ പോയ വിദ്യാര്‍ഥികള്‍ക്കും തെരുവുനായ്ക്കള്‍ കുറുകെ ചാടിയതിനാല്‍ വീണു പരുക്കുപറ്റിയിട്ടുണ്ട്.
നായകളെ പിടികൂടി വന്ധ്യംകരിച്ചു കൂട്ടിലടയ്ക്കണമെന്നാണു നഗരവാസികളുടെ ആവശ്യം. ഇക്കാര്യത്തില്‍ അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു ജനങ്ങള്‍ക്കു വലിയ ഭീഷണിയായിട്ടുള്ള തെരുവുനായ്ക്കളെ നീക്കംചെയ്യണമെന്നു തൊടുപുഴ റെസിഡന്‍സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ (ട്രാക്ക്) ആവശ്യപ്പെട്ടു. നഗരത്തില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, നാലുവരിപ്പാത, ബൈപാസുകള്‍, മുണ്ടേകല്ല് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കള്‍ കൂട്ടത്തോടെ നടക്കുന്നുണ്ട്.
ഇതില്‍ പലതും അപകടകാരികളായ നായ്ക്കളാണ്. ഇതു ജനങ്ങളില്‍ ഭീതി വളര്‍ത്തിയിരിക്കുകയാണ്. തെരുവുനായ്ക്കളെ നീക്കംചെയ്യുകയോ കൊല്ലാന്‍ നടപടി എടുക്കുകയോ വേണമെന്നു ട്രാക്ക് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."