മുതലാളിത്തത്തെ എതിര്‍ക്കാന്‍ രാഷ്ട്രീയ കൂട്ടുകെട്ട് വേണം: കെ.വി രാമകൃഷ്ണന്‍
തളിപ്പറമ്പ്: ആഗോള മുതലാളിത്ത കൂട്ടുകെട്ടുകള്‍ക്കു ബദലായി ദേശീയ-പ്രാദേശിക തലത്തില്‍ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടാല്‍ മാത്രമേ താഴെതട്ടിലുളള സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനാകുകയുള്ളൂയെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി രാമകൃഷ്ണന്‍. തളിപ്പറമ്പില്‍ കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും ആഗോളവത്കരണവും ഉദാരവത്കരണവും സംബന്ധിച്ച സര്‍ക്കാര്‍ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിഞിട്ടില്ല. ഉദ്യോഗസ്ഥ വകുപ്പുതല മേധാവികള്‍ മാറാത്തത് നയപ്രഖ്യാപനത്തിന് തടസമാവുകയാണ്. അതിനെതിരേ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. വരള്‍ച്ച നേരിടാന്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 3,25,000 മഴക്കുഴികള്‍ നിര്‍മിക്കുമെന്ന് ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. കേന്ദ്രം വെട്ടിക്കുറിച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്നും ഭക്ഷ്യസുരക്ഷാ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒ.വി നാരായണന്‍, ഒ.കെ വാസു, സി.വി മാലിനി, കെ.സി ഗോവിന്ദന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."