കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹളവും ബി.ജെ.പി അവതരിപ്പിച്ച അടിയന്തരപ്രമേയം തള്ളി
തിരുവനന്തപുരം: ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ച സംഭവം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെത്തുടര്‍ന്നാണു ബഹളം തുടങ്ങിയത്. വിഷയത്തില്‍ നഗരസഭ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വോട്ടിനിട്ടപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞതിനെ തുടര്‍ന്നു തള്ളി.
കൗണ്‍സില്‍ യോഗം ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു വനിതാ അംഗങ്ങളെ മര്‍ദിച്ചതു സംബന്ധിച്ച പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നു നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. ഗിരികുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കൊടുവില്‍ അടിയന്തര പ്രമേയംചര്‍ച്ചക്കെടുക്കുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു മേയര്‍ അഡ്വ. വി.കെ.പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ ബഹളം വക്കുകയും സീറ്റില്‍ നിന്നും എഴുന്നേറ്റു പ്രതിഷേധിക്കുകയും ചെയ്തു. ഔദ്യോഗിക കാര്യങ്ങളുമായി യോഗം മുന്നോട്ടുപോയെങ്കിലും ബി.ജെ.പി അംഗങ്ങള്‍ ഇതു ശ്രദ്ധിക്കാതെ തങ്ങളുടെ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കണമെന്ന മേയറുടെ അഭ്യര്‍ഥന ആരും ചെവിക്കൊണ്ടില്ല. തുടര്‍ന്നു പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മേയര്‍ തയാറാവുകയായിരുന്നു.
ശ്രീവരാഹം കൗണ്‍സിലര്‍ ആര്‍. മിനി, മണക്കാട് കൗണ്‍സിലറും നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സിമി ജ്യോതിഷ് എന്നിവര്‍ക്കു കഴിഞ്ഞ 13നു ശ്രീവരാഹത്തു ഹര്‍ത്താലിനോട് അനുബന്ധിച്ചു നടന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് കള്ളകേസ് എടുത്തിട്ടുണ്ടെന്നും ഇതു നഗരസഭ ഇടപെട്ടു പിന്‍വലിക്കണമെന്നുമാണു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. കൗണ്‍സിലില്‍ ഉള്‍പ്പെട്ട രണ്ടു വനിതാ അംഗങ്ങള്‍ക്കു പരുക്കേറ്റിട്ടും മേയര്‍ ഇതുവരെ ഇതേക്കുറിച്ച് അന്വേഷിക്കുകയോ അവരെ ഫോണിലെങ്കിലും വിളിച്ചു വിവരങ്ങള്‍ ആരായുകയോ ചെയ്യാതിരുന്നില്‍ അവര്‍ അമര്‍ഷവും രേഖപ്പെടുത്തി.
വിഷയത്തില്‍ നടന്ന ചര്‍ച്ച പിന്നീട് രാഷ്ട്രീയപരമായ തര്‍ക്കങ്ങളിലേക്കും ആരോപണങ്ങളിലേക്കും വഴിമാറി. കണ്ണൂര്‍ മോഡല്‍ അക്രമ രാഷ്ട്രീയം തലസ്ഥാനത്തും നടപ്പാക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് അഡ്വ. ഗിരികുമാര്‍ ആരോപിച്ചു. അഞ്ച് സി.പി.എം പ്രവര്‍ത്തകരെ വകവരുത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നവരല്ല തലസ്ഥാനത്തുള്ളവരെന്നായിരുന്നു ഇതിന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ കെ. ശ്രീകുമാര്‍ നല്‍കിയ മറുപടി. ഇടതുപക്ഷ കേന്ദ്രങ്ങളില്‍ ബി.ജെ.പി നടത്തുന്ന മിന്നലാക്രമണം തിരുവനന്തപുരത്തു വിലപ്പോകില്ലെന്നും സര്‍വക്ഷി യോഗത്തില്‍ ഉന്നയിക്കാതെ കൗണ്‍സിലില്‍ മാത്രം ഈ വിഷയം ഉന്നയിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രമേയം തള്ളണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബി.ജെ.പി-സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായാണ് യു.ഡി.എഫ് ഈ അവസരം മുതലാക്കിയത്. വര്‍ഷങ്ങളായി വാളെടുത്തു ജനങ്ങളെ പേടിപ്പിക്കയാണ് ഇരുകൂട്ടരുമെന്നും ഇനിയെങ്കിലും സമാധാനാന്തരീക്ഷം സംജാതമാക്കി മുന്നോട്ടുപോകണമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി. അനില്‍കുമാര്‍ പറഞ്ഞു.
ബി.ജെ.പിയായാലും സി.പി.എമ്മായാലും തല്ലുന്നതും തല്ലുകൊള്ളുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് അംഗം ബീമാപ്പള്ളി റഷീദ് പറഞ്ഞു. ഇക്കാര്യത്തില്‍ നീതിപൂര്‍വമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അക്രമരാഷ്ട്രീയത്തിന് എതിരാണെങ്കിലും വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ അപലപിക്കുന്നതായും ഇക്കാര്യത്തില്‍ നഗരസഭ ഇടപെട്ട് അവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കുറ്റക്കാരെ കണ്ടെത്തേണ്ടത് കോടതിയും പൊലിസുമാണെന്നും നഗരസഭക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മേയര്‍ മറുപടി പറഞ്ഞു. അക്രമത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇരു കക്ഷികളും തമ്മിലുള്ള വിഷയമാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടു വരേണ്ടതു നിയമ സംവിധാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ടു. ബി.ജെ.പി അംഗങ്ങള്‍ മാത്രമാണു പ്രമേയത്തെ അനുകൂലിച്ചത്. ഇതോടെ പ്രമേയം തള്ളിയതായി മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."