ജെ.എന്‍.യുവില്‍ നിന്നു കാണാതായ നജീബിനെന്തു പറ്റി?
രാജ്യത്തെ ഉന്നത കലാലയത്തില്‍ നിന്ന് ഒരു വിദ്യാര്‍ഥിയെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതിന്റെ പേരില്‍ മണിക്കൂറുകള്‍ക്കം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത പൊലിസിനു പക്ഷെ, ഇതൊന്നും കണ്ടെത്താന്‍ നേരമില്ല. നേരമില്ലാത്തതല്ല, അതിന് മനസ്സുവച്ചിട്ടില്ലെന്ന് ഉറപ്പിക്കുമാറാണ് അവരുടെ ഓരോ ദിവസത്തെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ഥിയായ എം.എസ്.സി ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയെയാണ് കഴിഞ്ഞ 14-ാം തിയ്യതി മുതല്‍ കാണാതായത്. ഏതെങ്കിലും സാഹചര്യത്തിലോ പൊതുസ്ഥലത്തു നിന്നോ അല്ല, നജീബിനെ കാണാതായത്. ജെ.എന്‍.യു എന്ന വലിയ കലാലയത്തിന്റെ മാഹി മാന്താവി ഹോസ്റ്റലിന്റെ ചുവരുകള്‍ക്കുള്ളില്‍ നിന്നാണ് അവനെ ആരോ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
പിന്നില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയാണെന്നാണ് സഹപാഠികള്‍ പരാതി നല്‍കിയിരിക്കുന്നത്. പേരുവിവരമടക്കം നല്‍കിയിട്ടും പൊലിസ് ഇവരെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. ഇതു വലിയ പ്രതിഷേധത്തിലേക്ക് വഴിവച്ചിരിക്കുകയാണ്. മാതാപിതാക്കളും സഹപാഠികളും രാപ്പകല്‍ കാമ്പസില്‍ സഹന സമരം തുടരുമ്പോള്‍ അവര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സഹൃദയര്‍ എത്തിക്കഴിഞ്ഞു.
കേവലമൊരു രാഷ്ട്രീയപ്രേരിത സമരമല്ല, നജീബിനു വേണ്ടി നടക്കുന്നത്. നാളെ താനും ഭരണകൂട ഭീകരതയ്ക്ക് ഇരയാവേണ്ടി വരുന്നവരുടെ പട്ടികയില്‍ പെട്ടേക്കാമെന്ന ഭീതിയുണ്ട്. മോദിയുടെ കോലം കത്തിച്ചതിന്റെ പിന്നാലെയുണ്ടായ പൊലിസ് നടപടിയുടെ വേഗത എന്തുകൊണ്ട് ഇക്കാര്യത്തിലുണ്ടായില്ലെന്നതിലുള്ള പ്രതിഷേധമുണ്ട്.
നജീബിന്റെ തിരോധാനത്തില്‍ പ്രതിഷേധം ശക്തമാക്കിയ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍, റെക്ടര്‍, പ്രോക്ടര്‍ തുടങ്ങിയവരുടെ ബ്ലോക്ക് ഉപരോധിച്ച് കടുത്ത സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് 6.30 മുതല്‍ ഈ ബ്ലോക്കിന്റെ എല്ലാ പ്രവേശന കവാടത്തിലും വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."