കോട്ടക്കല്‍ തോമസ് വധം; മുന്‍വൈരാഗ്യമെന്ന് പൊലിസ്
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു കരുതിയ ടാക്‌സി ഡ്രൈവര്‍ വയനാട്-അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസിന്റെ (ഷിമി-28) കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലിസ്. പ്രതികള്‍ക്കു പലപ്പോഴായി വിവിധ കാരണങ്ങളാലുണ്ടായ വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണു മുന്‍വൈരാഗ്യത്തെ തുടര്‍ന്നുള്ള അരുംകൊലയുടെ കഥ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട തോമസിന്റെ മൊബൈല്‍ ഫോണ്‍ കാണാതായത് ആദ്യം മുതലേ പൊലിസിനു സംശയം ജനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണവും തോമസിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോള്‍ പരിസരത്തില്ലാത്ത ചില പ്രദേശവാസികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവുമാണ് പൊലിസിനു കൂടുതല്‍ സൂചനകള്‍ നല്‍കിയത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നു ലഭിച്ച കമ്പിപ്പാരയും മുളകുപൊടി വിതറിയ പരിസരവും കൊലപാതക സാധ്യതകളിലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അരണപ്പാറ ലിനു മാത്യു (32), വാകേരി പ്രജീഷ് (26), മണാട്ടില്‍ നിസാര്‍ (36) എന്നിവര്‍ ചേര്‍ന്നാണ് തോമസിനെ കൊന്നതെന്ന സൂചന പൊലിസിനു ലഭിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലപാതകം നടത്തുന്നതിന് ഫോണ്‍ വഴി വിദേശത്തുനിന്നും ഗൂഢാലോചന നടത്തിയ അരണപ്പാറ സ്വദേശി ഷാഹുല്‍ ഹമീദിനെയും കേസില്‍ പൊലിസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ ഒരു വര്‍ഷത്തോളമായി ആഫ്രിക്കയില്‍ ജോലിചെയ്തു വരികയാണ്. പ്രതികളിലൊരാളായ ലിനു മരിച്ച തോമസിന്റെ അടുത്ത ബന്ധുവാണ്. ഒരുവര്‍ഷം മുന്‍പുണ്ടായ അടിപിടികേസില്‍ തോമസിനെതിരേ ലിനു പൊലിസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാംപ്രതിയായ പ്രജീഷിന്റെ പിതാവ് ദേവശന്‍ ചെട്ടിയ്ക്ക് തോമസിന്റെ മര്‍ദനത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും പിന്നീട് ദേവശന്‍ ചെട്ടി ആത്മഹത്യചെയ്ത സംഭവവും ഇവരില്‍ പ്രതികാരം വളര്‍ത്തി. ഇപ്പോള്‍ വിദേശത്തുള്ള നാലാം പ്രതി ഷാഹുല്‍ ഹമീദിന്റെ ജീപ്പിലെ ഡ്രൈവറായിരുന്നു തോമസ്. വന്‍ സാമ്പത്തിക ബാധ്യത വന്നതിനാല്‍ തോമസിനെ ഡ്രൈവര്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതിനെതിരേ തോമസ് തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയതാണ് ഷാഹുല്‍ ഹമീദിനെ ചൊടിപ്പിച്ചത്. ഈ വൈരാഗ്യമാണു കൊലപാതകത്തിന് ഫോണ്‍ വഴി നിര്‍ദേശം നല്‍കാന്‍ ഇയാളെ പ്രേരിപ്പിച്ചത്.
മൂന്നാം പ്രതിയായ നാസര്‍ സാമ്പത്തികമായുള്ള നേട്ടത്തിനായി കൊലപാതകത്തില്‍ പങ്കാളിയാകുകയായിരുന്നു. തോമസിനെ കൊലചെയ്യാന്‍ സഹായിച്ചാല്‍ ഷാഹുല്‍ ഹമീദ് തുടങ്ങുന്ന ഫാമില്‍ ജോലി നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഒക്ടോബര്‍ 14നു രാത്രി ഒന്‍പതരയോടെ തോമസ് വീട്ടിലേക്കു മടങ്ങുമ്പോള്‍ സൗഹൃദം നടിച്ചെത്തിയ സംഘം മദ്യപിക്കാനായി ഇയാളെയും കൂട്ടി സമീപത്തുള്ള കാട്ടിലേക്കു പോകുകയായിരുന്നു. ഒന്നിച്ചിരുന്നു മദ്യപിച്ചതിനു ശേഷം ലിനു കൈയില്‍ കരുതിയ കമ്പിവടികൊണ്ട് തോമസിനെ തലയ്ക്കടിക്കുകയും കൂടെയുണ്ടായിരുന്ന രണ്ടും മൂന്നും പ്രതികള്‍ തോര്‍ത്തുകൊണ്ട് തോമസിനെ കഴുത്തു ഞെരിച്ചുകൊല്ലുകയുമായിരുന്നുവെന്ന് പൊലിസ് പറയുന്നു.
മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കാട്ടാനയുടെ ആക്രമണത്തിലുണ്ടായതല്ലെന്നു സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷിച്ചിരുന്നു. സംഭവം നടന്നു പിറ്റേന്ന് തോമസിനെ കാട്ടാന കൊന്നെന്ന തരത്തില്‍ നാട്ടില്‍ പ്രചാരണം നടക്കുകയും ഇതിനെ തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം അരങ്ങേറുകയും ചെയ്തു. മാനന്തവാടി എ.എസ്.പി ജയദേവിന്റെ മേല്‍നോട്ടത്തില്‍ സി.ഐ ടി.എന്‍ സജീവനാണ് കേസന്വേഷിച്ചത്. പ്രതികളെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."