ആറന്‍മുളയില്‍ ഇനി നെല്ലുവിളയും; 29ന് മുഖ്യമന്ത്രി ആദ്യ വിതയിറക്കും
കുട്ടനാട്: വിമാനത്താവള പദ്ധതിയിലൂടെ വിവാദമായ ആറന്മുള പുഞ്ച പാടശേഖരത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കാന്‍ തയ്യാറെടുക്കുന്നു. ആറന്‍മുളയില്‍ 29 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വിതയിറക്കും. ഇതിനോടടുത്തു തരിശായി കിടക്കുന്ന പാടങ്ങളും കൃഷിയോഗ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ആറന്‍മുളയ്ക്ക് പുറമേ മെത്രാന്‍ കായല്‍, കോഴിക്കോട് ആവളപാണ്ടി, തൃശൂര്‍ കണിമംഗലം പാടശേഖരങ്ങളിലും കൃഷിയിറക്കും. 3000 ഹെക്ടര്‍ തരിശുനിലത്ത് ഈ മാസം കൃഷിയിറക്കും. രണ്ടരപതിറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ റാണി കായല്‍ പാടശേഖരത്ത് വിത നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 90,000 ഹെക്ടര്‍ തരിശുനിലത്ത് കൃഷിയിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയാണ്. തരിശുനില പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ ഉടമസ്ഥരുടെ അനുവാദം ലഭിച്ചില്ലെങ്കില്‍ നിയമപരമായി നോട്ടീസ് നല്‍കി പിടിച്ചെടുത്ത് കൃഷി ചെയ്യാന്‍ നടപടിയെടുക്കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. മുഞ്ഞ - ഇലപ്പുള്ളി രോഗങ്ങളും വരിനെല്ലും മൂലം നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കും. കൃഷി നശിച്ച കര്‍ഷകര്‍ക്ക് രണ്ടു ഘട്ടമായി 15,000 രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുക. ഈയാഴ്ച തന്നെ ഉത്തരവിറങ്ങും. നഷ്ടം കൃത്യമായി തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിതരണം തുടങ്ങുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പാടശേഖരങ്ങള്‍ നികത്തുന്നത് വിനാശത്തിനു കാരണമാകുമെന്ന് എല്ലാവരും തിരിച്ചറിയണം. മെത്രാന്‍ കായലില്‍ 30 വ്യാജകമ്പിനികളുടെ പേരിലാണ് കൃഷി ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യങ്ങള്‍ പരിശോധിച്ച് നിയമപരമായ നടപടിയെടുത്ത് കൃഷിയിറക്കും. ഭൂവിനിയോഗ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. കൃഷിയിറക്കുന്നതിനു നടപടിയെടുക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."