സൗജന്യ പാസിനെ ചൊല്ലി കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം
നെട്ടൂര്‍: കുമ്പളം ടോള്‍ പ്ലാസയില്‍ ഗ്രാമവാസികള്‍ക്ക് അനുവദിച്ച സൗജന്യ പാസ് നടത്തിപ്പുകാര്‍ പിടിച്ചെടുക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കുന്നു.
നാഷണല്‍ ഹൈവെ അതോറിറ്റിയും പഞ്ചായത്തും ചേര്‍ന്ന് അനുവദിച്ച ഹോളോ ഗ്രാം ഉള്ള ഒറിജിനല്‍ പാസുകളാണ് വ്യാജനെന്ന പേരില്‍ പിടിച്ചെടുക്കുന്നത്.
തന്റെ ഒറിജിനല്‍ പാസ് ടോള്‍ നടത്തിപ്പുകാര്‍ ഭീഷണിപ്പെടുത്തി പിടിച്ചെടുത്തതായി കുമ്പളം മുക്കാഞ്ഞിരത്ത് ഉണ്ണികൃഷ്ണന് ഇന്നലെ പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇല്ലത്ത് രാധാകൃഷ്ണന്, ബിജോസ് തെക്കായില് എന്നിവരുടെ പാസുകളും ടോള്‍ നടത്തിപ്പുകാര്‍ പിടിച്ചെടുത്തതായി പറയപ്പെടുന്നു .
എന്നാല്‍ വണ്ടി നമ്പറും പാസിലെ നമ്പറും വ്യത്യാസം കണ്ടതിനാലാണ് പാസുകള്‍ പിടിച്ചെടുക്കുന്നതെന്നു ടോള്‍ നടത്തിപ്പുകാര്‍ പറയുന്നു.
കുമ്പളം നിവാസികളുടെ പാസ് ഉപയോഗിച്ച് ഒട്ടേറെ വ്യാജ പാസുകള്‍ ഇറങ്ങിയിട്ടുള്ളതായി സംശയം തോന്നിയതിനാലാണ് പാസ്സുകള്‍ പിടിച്ചെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പാസ് അനുവദിച്ചപ്പോള്‍ ഉള്ള വാഹനം മാറി പുതിയ വാഹനം ആയതിന്റെ രേഖകള്‍ ടോള്‍ അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് നേരത്തേ സമര്‍പ്പിച്ചതാണെന്നും പുതിയ പാസ് ഇതുവരെ ഇഷ്യു ചെയ്തിട്ടില്ലെന്നും പരാതിക്കാരായ നാട്ടുകാര്‍പറഞ്ഞു.
ജീവനക്കാര്‍ മോശമായും മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കുന്ന രീതിയിലും പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. വണ്ടിയുടെ ആര്.സി ബുക്കിലും തിരിച്ചറിയല്‍ രേഖകളിലും കുമ്പളം സ്വദേശിയാണെന്ന തെളിവുകള്‍ കാട്ടിയിട്ടും ഇവര്‍ വഴങ്ങിയില്ല. മോശമായി പെരുമാറുകയും വാഹനത്തില്‍ നിന്നു വിലപ്പെട്ട രേഖ പിടിച്ചെടുക്കുകയും ചെയ്ത ടോള്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുകയും പാസ് തിരിച്ചു തരികയും വേണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.ഇരു കൂട്ടരെയും ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളതായി പനങ്ങാട് എസ്.ഐ പ്രജീഷ് ശശി പറഞ്ഞു.
വിഷയത്തില്‍ കക്ഷിചേരുമെന്ന് കുമ്പളം ടോള്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ ജോളി പൗവ്വത്തില്‍, ജോയിന്റ് കണ്‍വീനര്‍ സി.എം.സുനീര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."