റേഷനിങ് സമ്പ്രദായം തകിടം മറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം: കൊടിയേരി ബാലകൃഷ്ണന്‍
കാക്കനാട്: സംസ്ഥാനത്തെ റേഷനിഡ് സമ്പ്രദായം തകിടം മറിക്കാനാണു ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിലെ അശാസ്ത്രീയത മൂലം വര്‍ഷങ്ങളായി കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചുകൊണ്ടിരുന്ന പൊതുവിതരണ ശൃംഖലയാണ് തകരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളിലും വിലക്കയറ്റത്തിലും വര്‍ഗീയ വല്‍ക്കരണത്തിലും പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ ജില്ലാതല ജാഥകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിലെ അപാകതയും കാലതാമസവും സംസ്ഥാനത്തെ ഒന്നേമുക്കാല്‍ കോടിയോളം കുടുംബങ്ങളെയാണു റേഷനിങ് ശ്രിംഖലയില്‍ നിന്നും പുറത്താക്കുന്നത്.മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രനിലപാട് ആശാവഹമല്ല.
കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യംമൂലം കേരളത്തിനുള്ള ഭക്ഷ്യധാന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാകും. പൊതുവിതരണ രംഗം തകിടംമറിയാന്‍ ഇതു ഇടയാക്കും. പശുക്കളെ സംരക്ഷിക്കാന്‍ ഗോ സംരക്ഷണസേനയുണ്ടാക്കുന്ന ബി.ജെ.പി സാധാരണക്കാരന്റെ പ്രശ്‌നങ്ങളോട് മുഖംതിരിക്കുകയാണ്. ഹിന്ദു വ്യക്തി നിയമത്തിലെ പോരായ്മകള്‍ അവര്‍ കാണുന്നില്ല. മുത്തലാഖ് എടുത്ത് കളയണമെന്നു തന്നെയാണു സി.പി.എം നിലപാട്.
അക്രമംകൊണ്ടു പാര്‍ട്ടി വളര്‍ത്തുന്നത് സിപിഎം നയമല്ല.ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം.എം ലോറന്‍സ്, കെ.എം സുധാകരന്‍, സി.എം. ദിനേശ്മണി, ജാഥാക്യാപ്റ്റന്‍മാരായ കെ. ചന്ദ്രന്‍പിള്ള, സി.എന്‍ മോഹനന്‍, കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ സക്കീര്‍ഹുസൈന്‍, എന്‍.സി മോഹനന്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."