മലേഗാവ് സ്ഫോടനം
കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷയില്‍ എന്‍.ഐ.എയോട് വിശദീകരണം തേടി
ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്ഫോടന കേസിലെ മുഖ്യപ്രതിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷയില്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി വിശദീകരണം തേടി. വിചാരണക്കോടതി ജാമ്യംനിഷേധിച്ചതു ചോദ്യംചെയ്ത് പുരോഹിത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ ജസ്റ്റിസ് നരേഷ് പാട്ടീല്‍ അധ്യക്ഷനായ മഹാരാഷ്ട്ര ഹൈക്കോടതി ബെഞ്ചിന്റെതാണ് നടപടി. എന്‍.ഐ.എക്കു പുറമെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എ.ടി.എസ്)യോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മറുപടിക്കൊപ്പം കേസില്‍ പുരോഹിതുമായി ബന്ധപ്പെട്ട രേഖകളും ജാമ്യാപേക്ഷ തള്ളി കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അസ്സല് രേഖയും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ എ.ടി.എസ് അന്വേഷിച്ച കേസ് നിലവില്‍ എന്‍.ഐ.എയാണ് അന്വേഷിച്ചുവരുന്നത്. അടുത്തമാസം 16നു മുന്‍പ് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.
കഴിഞ്ഞ ജൂണിലാണ് പുരോഹിതിന്റെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയത്. ഇതോടൊപ്പം ഒരിക്കല്‍ കൂടി പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കീഴ്ക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രണ്ടാമത് സമര്‍പ്പിച്ച പുതിയ അപേക്ഷയും തള്ളിയതോടെയാണ് ജാമ്യം തേടി പുരോഹിത് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പുരോഹിതിന്റെ കൂട്ടുപ്രതിയും ഹിന്ദുത്വസംഘടന സനാതന്‍ സംസ്തയുടെ സ്ഥാപകയുമായ പ്രഗ്യാസിങും ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയിലും പ്രഗ്യാസിങ് താക്കൂറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ശേഖരിച്ചു ഹാജരാക്കാന്‍ എന്‍.ഐ.എയോടും എ.ടി.എസ്സിനോടും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ പുരോഹിതിന്റെയും പ്രഗ്യാസിങിന്റെയും ഹരജികള്‍ അടുത്തമാസം 16ന് ഒന്നിച്ചു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."