ഏഷ്യാനെറ്റ് ന്യൂസില്‍ ഇനി ആര്‍.എസ്.എസുകാര്‍ മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം പുറത്ത്
ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ചാനലില്‍ എഡിറ്റോറിയല്‍ ജോലി ഇനി ആര്‍.എസ്.എസുകാര്‍ക്ക് മാത്രം. ചാനല്‍ ചെയര്‍മാനും ബി.ജെ.പി എം.പിയും കേരള എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെതാണ് നിര്‍ദേശം. ഇദ്ദേഹം ചെയര്‍മാനായ എല്ലാം മാധ്യമ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖര്‍ രൂപം കൊടുത്ത ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ സി.ഇ.ഒ അമിത്ത് ഗുപ്തയാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശമനുസരിച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ്, കന്നട വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, ഓണ്‍ലൈന്‍ മാധ്യമം ന്യൂസബിള്‍, കന്നട പത്രം കന്നട പ്രഭ എന്നീ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തലവന്‍മാര്‍ക്ക് ഇമെയില്‍ നിര്‍ദേശം അയച്ചത്. ചെയര്‍മാന്റെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രം ഇനി നിയമിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ന്യൂസ് ലോണ്‍ട്രി എന്ന മാധ്യമമാണ് ഈ രഹസ്യ മെയിലിന്റെ വിവരം പുറത്തുവിട്ടത്. സപ്തംബര്‍ 21നാണ് ഇമെയില്‍ സന്ദേശം അയച്ചത്. കേരളത്തില്‍ ബി.ജെ.പി യുടെ ജിഹ്വയായി ഏഷ്യാനെറ്റ് ന്യൂസിനെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി ചാനല്‍ ചെയര്‍മാനെ എന്‍.ഡി.എ കേരള ഘടകത്തിന്റെ വൈസ് ചെയര്‍മാനാക്കി നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
കോഴിക്കോട് ബി.ജെ.പി ദേശീയ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ വച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിനെ വൈസ് ചെയര്‍മാനാക്കിയത്.
ബി.ജെ.പി കേരള ഘടകത്തിന്റെ എതിര്‍പ്പുണ്ടായിട്ടും ഇദ്ദേഹത്തെ എന്‍.ഡി.എയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ഉള്‍പ്പടെ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള മാധ്യമങ്ങളെ ആര്‍.എസ്.എസ് വല്‍കരിക്കുന്നതിന്റെ ഭാഗമായായിരുന്നു. ഏഷ്യാനെറ്റിലെ എഡിറ്റോറിയല്‍ ജീവനക്കാരില്‍ പലരും ഇടതു അനുഭാവമുള്ളവരാണെന്ന് ബി.ജെ.പി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ചാനലിനെ ബഹിഷ്‌കരിക്കാനും ബി.ജെ.പി ഒരിക്കല്‍ തീരുമാനിച്ചു. എന്നാല്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടതോടെ ചാനലുമായുള്ള ബി.ജെ.പി യുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. ഇതിന്റെ ഫലമായി നിയമസഭാ തെരെഞ്ഞെടുപ്പിലും കോഴിക്കോട്ട് നടന്ന ദേശീയ സമ്മേളനത്തിലും ബി.ജെ.പിക്കു വലിയ കവറേജാണ് ലഭിച്ചിരുന്നത്.
ചാനല്‍ ലേഖകനെ സംഘ്പരിവാര്‍ അക്രമിച്ചപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ ഉണ്ടാവാതിരുന്നതും ചാനലിലെ രാഷ്ട്രീയ വിശകലന പ്രോഗ്രാമായ കവര്‍ സ്‌റ്റോറി നിര്‍ത്തിവയ്പ്പിച്ചതും ചെയര്‍മാന്റെ ഇടപെടല്‍ മൂലമായിരുന്നു.
സംഘ്പരിവാര്‍ അനുകൂലികളെ നിയമിച്ച് എഡിറ്റോറിയല്‍ മേഖലയെ ആര്‍.എസ്.എസ് വല്‍കരിക്കാനുള്ള നീക്കത്തില്‍ ജീവനക്കാരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. തീവ്രമായ വലതുപക്ഷ നിലപാടുള്ള ചെയര്‍മാന്റെ നിലപാടിനൊപ്പം നില്‍ക്കാനാവില്ലെന്നാണ് എഡിറ്റോറിയല്‍ ജീവനക്കാരില്‍ ചിലര്‍ പറയുന്നത്.കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖറിന് ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ തുടങ്ങിയ നമോ ചാനലിന്റെ ചുമതല ആദ്യഘട്ടത്തില്‍ മോദി ഏല്‍പിച്ചത് രാജീവ് ചന്ദ്രശേഖറിനെയായിരുന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയാവാനുള്ള ചില നീക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. തന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളേയും ആര്‍.എസ്.എസ് വല്‍കരിച്ച് മന്ത്രിസ്ഥാനം നേടാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
അതേസമയം, ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നു അമിത് ഗുപ്ത മറുപടി നല്‍കി. പ്രതിരോധ മേഖലയില്‍ നിക്ഷേപമുള്ള കമ്പനിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ജൂപിറ്റര്‍ കാപിറ്റല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."