ഓപ്പറേഷന്‍ വാളയാര്‍ രണ്ടാം ഘട്ടം വാളയാറിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ധനമന്ത്രി വീണ്ടുമെത്തുന്നു
വാളയാര്‍: വാളയാറില്‍ ഓപ്പറേഷന്‍ വാളയാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി ഡോ. തോമസ് ഐസക് ഉടന്‍ വാളയാര്‍ സന്ദര്‍ശിക്കും. ജൂലൈയില്‍ മന്ത്രി വാളയാര്‍ വാണിജ്യ നികുതി ചെക്‌പോസ്റ്റ് സന്ദര്‍ശിച്ച് പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. പദ്ധതി അവലോകനത്തിനും ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണ് വീണ്ടുമെത്തുന്നത്.
സംയോജിത ചെക്‌പോസ്റ്റ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഗതിവേഗം കൂടിയിട്ടുണ്ട്. ചെക്‌പോസ്റ്റിനായി കണ്ടെത്തിയ 15 ഏക്കര്‍സ്ഥലം നിയമക്കുരുക്കുകള്‍ പരിഹരിച്ച് ഏറ്റെടുക്കാനാണ് പദ്ധതി. വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിക്കും തുടക്കമിട്ടു. നിലവിലെ യാര്‍ഡിന് പിറകിലെ പത്തേക്കര്‍ സ്ഥലം കൈമാറാന്‍ സ്ഥലമുടമകള്‍ മന്ത്രിയെ സമ്മതമറിയിച്ചിരുന്നു. ഇതിന് സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. നിലവിലെ യാര്‍ഡ് വിപുലീകരിച്ചാല്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാമെന്നാണ് പ്രതീക്ഷ. മന്ത്രിയുടെ നിര്‍ദേശപ്രകാരം ചെക്‌പോസ്റ്റില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ 53 ഇന്‍സ്‌പെക്ടര്‍മാരുണ്ട്. തിരക്കുള്ള സമയങ്ങളില്‍ താല്‍ക്കാലികമായി കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കാറുണ്ട്. വേലന്താവളം ചെക്‌പോസ്റ്റ് വഴി വലിയ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ വാളയാറില്‍ തിരക്ക് കൂടിയിട്ടുണ്ട്. ചെക്‌പോസ്റ്റിന് പുറത്തുള്ള പരിശോധനയ്ക്ക് രണ്ട് വാണിജ്യ നികുതി സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട സംയോജിത ചെക്‌പോസ്റ്റിന് 100 കോടി രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷ. ഒന്നര വര്‍ഷത്തിനകം ഇത് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ചെക്‌പോസ്റ്റ് വികസനത്തിന് വേണ്ടത്ര ഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കുടുംബശ്രീ കാന്റീന്‍ നാലു മാസത്തെ കുടിശ്ശിക ജൂലൈയില്‍തന്നെ നല്‍കിയിരുന്നു.
മൂന്നു മാസത്തെ തുക നല്‍കാന്‍ ബാക്കിയുണ്ട്. കാന്റീന്‍ നവീകരണത്തിനും തുടക്കം കുറിച്ചു. കാന്റീന്റെ രണ്ടു മുറികള്‍ ടൈല്‍ പാകി.
അടുത്ത ദിവസം നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് വാണിജ്യ നികുതി അധികൃതര്‍ അറിയിച്ചു.
ധനമന്ത്രിയുടെ അടുത്ത സന്ദര്‍ശനത്തോടുകൂടി വാളയാറിലെ ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുമെന്നും അഴിമതി രഹിത വാളയാര്‍ പദ്ധതിയിലൂടെ താളം തെറ്റിയ വാളയാര്‍ ചെക്‌പോസ്റ്റുള്‍പ്പെടെയുള്ള ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."