അടുത്ത മാസം മുതല്‍ സ്‌കൂളുകളില്‍ വൈഫൈ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി, യു.പി സ്‌കൂളുകളില്‍ കേരളപ്പിറവി ദിനം മുതല്‍ വൈഫൈ സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് ഐ.ടി അറ്റ് സ്‌കൂളാണ് വൈഫൈ സൗകര്യമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറിതലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്. ഇപ്പോള്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 5000ത്തോളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഐ.ടി അറ്റ് സ്‌കൂള്‍ നല്‍കിവരുന്നുണ്ട്.
പ്രൈമറിതലത്തില്‍കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഏകദേശം 15,000 ഓളം കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്‍ഡ് ശൃംഖലയായി ഇത് മാറുമെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. സ്‌കൂള്‍ കംപ്യൂട്ടര്‍ ലാബിലാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കുന്നത്.
ലാബ് സൗകര്യം ലഭ്യമല്ലാത്തിടത്ത് മള്‍ട്ടിമീഡിയ ക്ലാസ്മുറികളിലോ താല്‍ക്കാലികമായി കംപ്യൂട്ടര്‍ ലഭ്യമായ ഓഫിസ് മുറിയിലോ കണക്ഷന്‍ നല്‍കും. വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കും. സ്‌കൂളില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറുകളില്‍ മറ്റു സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ല. പ്രതിവര്‍ഷം നികുതി ഉള്‍പ്പെടെ 5,000 രൂപയാണ് നിരക്ക്. ഇത് ഐ.ടി അറ്റ് സ്‌കൂള്‍ വഹിക്കും. പരാതികള്‍ പരിഹരിക്കാന്‍ കോള്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."