പെരുമഴ പെയ്യുന്ന ഭയങ്കര രാത്രിയും അഭിമുഖ പരീക്ഷണങ്ങളും
പെരുമഴ പെയ്യുന്ന ഭയങ്കര രാത്രിയിലൊന്നില്‍ ഒരാള്‍ ആളൊഴിഞ്ഞ ഹൈവേയിലൂടെ കാറോടിച്ചു പോകുകയാണ്. ഇടിയും മിന്നലുമുണ്ട്. കാറ്റ് ചീറിയടിക്കുന്നു. അതിനാല്‍ വളരെ പതുക്കയാണ് ഡ്രൈവിങ്. ഇടയിലൊരു ബസ്‌സ്റ്റോപ്പില്‍ മൂന്നുപേര്‍ ബസ് കാത്തുനില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെടുന്നു.
ഒന്ന് രോഗം ബാധിച്ച് അവശയായ വൃദ്ധ.
മറ്റൊരാള്‍ നിങ്ങളുടെ പഴയൊരു സൃഹൃത്താണ്. വെറും സുഹൃത്ത് എന്നു പറഞ്ഞാല്‍ പോര, ഒരിക്കല്‍ തന്റെ ജീവന്‍ രക്ഷിച്ച വ്യക്തി കൂടിയാണത്.
മൂന്നാമത്തേതു വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. നീണ്ട പ്രണയകാലത്തിനൊടുവില്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന സുന്ദരി!
ഇവരില്‍ ആരെയെങ്കിലും ഒരാളെ മാത്രമേ അയാള്‍ക്കു കാറില്‍ കയറ്റാനാകൂ എന്നതാണ് ഈ സമസ്യയിലെ ഏറ്റവും ദുഃഖകരമായ അവസ്ഥ. നിങ്ങളാണ് ആ സ്ഥാനത്തെങ്കില്‍ എന്തു ചെയ്യും? എന്തായിരിക്കും നിങ്ങളെടുക്കുന്ന തീരുമാനം?
ആലോചിച്ചു നോക്കൂ.
മൂന്നും ഒന്നിനൊന്നു മുന്‍ഗണന കൊടുക്കേണ്ട വ്യക്തികള്‍. രോഗിയായ വൃദ്ധയാണ് ഒന്ന്. അവരെ സഹായിക്കേണ്ടതു ധാര്‍മികമായ വലിയൊരു കടമയാണ്. അടുത്തതു പഴയ സുഹൃത്താണ്. ഒരിക്കല്‍ ജീവന്‍ രക്ഷിച്ച മനുഷ്യന്‍. മഴ കോരിച്ചൊരിയുന്ന രാത്രിയില്‍ അയാളെ ഉപേക്ഷിക്കുന്നതു കടുത്ത കൃതഘ്‌നതയല്ലാതെ മറ്റെന്ത്? മൂന്നാമത്തെയാളോ? താന്‍ ജീവിത സഖിയാക്കാന്‍ പോകുന്ന സുന്ദരി. ആ അവസ്ഥയില്‍ അവള്‍ക്കു തുണ നല്‍കിയില്ലെങ്കില്‍ തന്നെ എന്തിനു കൊള്ളാം? എന്തു സങ്കടകരമായ അവസ്ഥയാണത്! ഒരാളെ മാത്രമല്ലേ കാറില്‍ കയറ്റാനാകൂ.
നോക്കൂ. ഈ പംക്തിക്കു വേണ്ടി ഉണ്ടാക്കിയ ചോദ്യമല്ല ഇത്. രാജ്യത്തെ അത്യുന്നതമായ തസ്തികകളിലൊന്നിലേക്കു നിയമിക്കുന്നതിനു വേണ്ടിയുള്ള എഴുത്തുപരീക്ഷയില്‍ വിജയിച്ചവര്‍ക്കു വേണ്ടി നടത്തിയ അഭിമുഖത്തിലെ ചോദ്യങ്ങളിലൊന്നാണ്. ഒരു ബിരുദധാരിയാണ് അപേക്ഷകന്‍. അക്കാദമിക് പരിജ്ഞാനം നേടിയിട്ടുണ്ടെന്നര്‍ഥം. പക്ഷെ അതിനപ്പുറം പ്രതിസന്ധികളില്‍ പെട്ടെന്ന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്കു കഴിവുണ്ടോ? വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകാവുന്ന തര്‍ക്കങ്ങള്‍ക്കു രമ്യമായ പരിഹാരം കാണാന്‍ പ്രാപ്തിയുണ്ടോ? പ്രായോഗിക സമീപനവും ഉള്‍ക്കാഴ്ചയും ഹൃദയശുദ്ധിയുമുണ്ടോ? ഇതൊക്കെയാണ് ഇന്റര്‍വ്യൂ ബോഡ് അളക്കാന്‍ ശ്രമിക്കുന്ന ഗുണങ്ങള്‍.
ഇനി ഉദ്യോഗാര്‍ഥി നല്‍കിയ ഏറ്റവും മികച്ച ഉത്തരം കാണുക: 'ഞാന്‍ കാറിന്റെ താക്കോല്‍ സുഹൃത്തിനു കൈമാറും. വൃദ്ധയെ ആശുപത്രിയിലാക്കിയ ശേഷം അയാള്‍ക്കു വീട്ടിലേക്കു പോകാം. കാര്‍ താന്‍ അടുത്ത ദിവസം വന്നു കൊണ്ടു പോയ്‌ക്കൊള്ളും. താന്‍ ഭാവി വധുവിനൊപ്പം ബസില്‍ പോയ്‌ക്കൊള്ളാം'
ചിന്തിക്കാന്‍ ഏറെ വക നല്‍കുന്നതാണ് ഇത്തരം ചോദ്യങ്ങള്‍. 'ഫിറ്റ് ' ആക്കുന്നതിനായി ഓട്ടവും ചാട്ടവും നടത്തവും കളരിയും കുങ്ഫുവും കബഡിയുമൊക്കെ വഴി നാം ശരീരത്തിനുനല്‍കുന്ന വ്യായാമമുണ്ടല്ലോ, അതുപോലെ മസ്തിഷ്‌കത്തിനു നല്‍കുന്ന വ്യായാമങ്ങളിലൂടെ അവയെയും 'ഫിറ്റ് ' ആക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള വ്യായാമം ധാരാളമായി ചെയ്തുകൊണ്ടിരുന്നാല്‍ പിന്നീട് ഏതു വിഷമം പിടിച്ച പുതിയ ചോദ്യങ്ങളും നേരിടാന്‍ എളുപ്പമാകും. ബുദ്ധി ശരിക്കും ഉപയോഗിച്ചു കൊണ്ടു മാത്രം വിശകലനം ചെയ്യുന്ന, പ്രശ്‌ന പരിഹാരം തേടുന്ന രീതി രൂപപ്പെടും. ബാങ്ക് ടെസ്റ്റിന്റെയും സിവില്‍ സര്‍വിസ് പരീക്ഷയുടെയും മറ്റ് ഉന്നത തസ്തികകളിലേക്കുള്ള പരീക്ഷകളുടെയും തുടര്‍ച്ചയായി വരുന്ന അഭിമുഖങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യമാകുകയും ചെയ്യും. സ്വകാര്യ മേഖലാ ജോലികള്‍ ഇതിനു പുറമെയും. ബുദ്ധി പരീക്ഷിക്കുന്ന ചോദ്യങ്ങള്‍ എഴുത്തു പരീക്ഷകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
വ്യത്യസ്തമായ മറ്റു ചില പ്രഹേളികകള്‍ കൂടി നോക്കാം.
ഇന്റര്‍വ്യൂ ബോഡ് ചെയര്‍മാന്‍ ഉദ്യോഗാര്‍ഥിയോട് ആദ്യമേ ചോദിച്ചു: 'വിഷമമേറിയ ഒരൊറ്റ ചോദ്യം വേണോ, ഈസിയായ പത്തെണ്ണം വേണോ?'
കഠിനമായ ഒരൊറ്റയെണ്ണം മതിയെന്നായിരുന്നു ഉദ്യോഗാര്‍ഥിയുടെ ചോയ്‌സ്.
'ഈ മേശയുടെ സെന്റര്‍ ഓഫ് ഗ്രാവിറ്റി ഏതാണ്?' ശരിക്കും കഠിനം തന്നെയായിരുന്നു ആ ചോദ്യം. കാരണം, ഏങ്കോണിച്ചു നിശ്ചിത രൂപമൊന്നുമില്ലാത്ത ഒന്നായിരുന്നു ആ മേശ. പക്ഷെ ഉദ്യോഗാര്‍ഥി കുലുങ്ങിയില്ല. ഒരു സ്ഥലം കാണിച്ച് അയാള്‍ ഉറപ്പിച്ചു പറഞ്ഞു: 'ഇവിടെയാണ് സര്‍ ഈ മേശയുടെ മധ്യഭാഗം'
'ഓഹോ, എങ്ങിനെയാണു നിങ്ങളതു കണ്ടെത്തിയത്? '
'സര്‍', ഉടന്‍ വന്നു ഉദ്യോഗാര്‍ഥിയുടെ മറുപടി. 'വിഷമമേറിയ ഒരു ചോദ്യം മാത്രമേ ചോദിക്കൂവെന്ന് അങ്ങ് ആദ്യമേ പറഞ്ഞിരുന്നു!!'
ഉദ്യോഗാര്‍ഥിയുടെ മനസാന്നിധ്യവും സാമര്‍ഥ്യവും അളക്കുന്നതിനെക്കുറിച്ചുള്ള ഇത്തരം ചില ചോദ്യങ്ങള്‍ കൂടി പരിശോധിക്കുക.
1. കൃത്യം പാതിയായി മുറിച്ച ആപ്പിളിനോടു യോജിക്കുന്ന മറ്റൊരു വസ്തു?
2. ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കു ശരാശരി എത്ര ജന്മദിനങ്ങളുണ്ടാകും?
3. ഒരു ഡ്രൈവര്‍ ഉറങ്ങാതെ എട്ടു ദിനങ്ങള്‍ വണ്ടിയോടിച്ചതെങ്ങിനെ?
4. വലംകൈയില്‍ നാല് ആപ്പിളും മൂന്ന് ഓറഞ്ചും. ഇടംകൈയില്‍ നാല് ഓറഞ്ചും മൂന്ന് ആപ്പിളും. എന്താവും അയാളുടെ ഏറ്റവും വലിയ സമ്പാദ്യം?
ആദ്യ ചോദ്യത്തില്‍ സംശയമെന്തിന്? ആപ്പിളിന്റെ മുറിച്ച പാതിയോട് ഏറ്റവും യോജിക്കുന്നത്, അടുത്ത പാതി തന്നെ!!
ദക്ഷിണാഫ്രിക്കയായാലും ഉത്തരാഫ്രിക്കയായാലും ഒരാള്‍ക്കു ജന്മദിനം ഒന്നു മാത്രം! ബാക്കിയെല്ലാം വാര്‍ഷികങ്ങളാണല്ലോ!!
എട്ടു ദിനങ്ങളല്ല 18 ദിനങ്ങളും വണ്ടിയോടിച്ചാലെന്ത്? ഉറക്കം രാത്രികളിലാകാമല്ലോ!!
ഇത്രയും ആപ്പിളും ഓറഞ്ചുമൊക്കെ കൈയില്‍ വയ്ക്കുന്നയാളുടെ ഏറ്റവും വലിയ സമ്പാദ്യം ആ വലിയ കൈകള്‍ തന്നെ!!
ഇങ്ങനെ ചെറുതില്‍നിന്നു തുടങ്ങി സങ്കീര്‍ണമായ സമസ്യകളിലേക്കു മുന്നേറുക. കണക്കിന്റെ കളികളും ബുദ്ധി പരീക്ഷകളുമൊക്കെ ക്രമേണ അതീവ രസകരമായ വിനോദങ്ങളായി അനുഭവപ്പെടും. മത്സര പരീക്ഷകളിലും തൊഴിലിലും മാത്രമല്ല, ദൈനംദിന ജീവിതത്തിലും സഹായകമാകുകയും ചെയ്യും. ഇംഗ്ലീഷ് ഭാഷയില്‍ ലഭിക്കുന്ന ചോദ്യങ്ങള്‍ അതീവ ശ്രദ്ധയോടെ വേണം വായിക്കാന്‍. അവയില്‍ത്തന്നെ പലപ്പോഴും 'ക്ലൂ' കണ്ടേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."