ആതുര ശുശ്രൂഷ രംഗത്ത് കച്ചവടതാല്‍പര്യം ഉപേക്ഷിക്കണം: മന്ത്രി സുനില്‍ കുമാര്‍
മാള: ആതുര ശുശ്രൂഷരംഗത്ത് ഗുരുദേവന്റെ പാതപിന്‍തുടര്‍ന്ന് ജനങ്ങള്‍ക്കു മികച്ച സേവനം ഉറപ്പു വരുത്തണമെന്നും കച്ചവട താല്‍പര്യം ഒഴിവാക്കണമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. മാളയില്‍ സ്ഥാപിക്കുന്ന ഗുരുധര്‍മം മിഷന്‍ ഹോസ്പിറ്റലിന്റെ പദ്ധതി സമാരംഭം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയില്‍ നിന്നും മാറിനിന്നുകൊണ്ടുള്ള ജീവിത ശൈലിയാണ് ഇന്നു കാണുന്ന പലവിധ അസുഖങ്ങളുടേയും മുഖ്യകാരണം. ആ അവസ്ഥയെ മറികടക്കാനായി ആരോഗ്യവുമായി കൃഷിയെ ബന്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആയുര്‍വേദം രോഗകാരണത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച് രോഗമകറ്റുമ്പോള്‍ അലോപ്പതി അതില്‍നിന്നും വിഭിന്നമായി രോഗത്തെയാണ് ചികിത്സിക്കുന്നത്. അതിനാലാണ് രോഗങ്ങള്‍ തീര്‍ത്തും മാറാതിരിക്കുന്നത്. ആശുപത്രികളേറെ ഉയരുന്നുണ്ടെങ്കിലും അസുഖങ്ങള്‍ക്കൊട്ടും കുറവില്ല. നേരത്തെ തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മാത്രമായിരുന്നു കാന്‍സര്‍ രംഗത്തു ചികിത്സക്കുണ്ടായിരുന്നതെങ്കില്‍ കേരളത്തിലിപ്പോള്‍ 16 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാണുള്ളത്. കാന്‍സറെന്ന രോഗമിപ്പോള്‍ മരണകാരണമാവുകയാണ്. അനിയന്ത്രിതമായ രാസവളപ്രയോഗം മൂലം മണ്ണിരകള്‍ അപ്രത്യക്ഷമായതിനാല്‍ മണ്ണിന്റെ ഗുണനിലവാരവും ഇല്ലാതായതായി മന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു ധര്‍മം ട്രസ്റ്റ് സെക്രട്ടറി പി.കെ സാബു അധ്യക്ഷനായി. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി ശിലാസ്ഥാപനകര്‍മ്മവും അനുഗഹ പ്രഭാഷണവും നിര്‍വഹിച്ചു. അഡ്വ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഡോ.അപ്‌സരാജ്, ത്രിതല പഞ്ചായത്ത് ഭാരവാഹികളായ വര്‍ഗീസ് കാച്ചപ്പിള്ളി, പി.കെ സുകുമാരന്‍, നിര്‍മല്‍.സി.പാത്താടന്‍, സോന കരീം, ടി.കെ ജിനേഷ്, എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി സി.ഡി ശ്രീലാല്‍, എസ്.എന്‍.ജി.ഡി.ടി ചെയര്‍മാന്‍ പി.കെ.സുധീഷ് ബാബു, എ.ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിക്കായി സ്ഥലം നല്‍കിയ എ.എസ് അബ്ദുല്‍കലാം, കോണ്‍ട്രാക്ടര്‍ എം.വി രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."