ശബരിമല തീര്‍ഥാടനം : കെ.എസ്.ആര്‍.ടി.സി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും
പത്തനംതിട്ട: ശബരിമല തീര്‍ഥാടനം പ്രമാണിച്ച് യാത്രാ സൗകര്യം ഒരുക്കുന്നതിനായി പമ്പ ബസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
നവംബര്‍ 14 ന് പമ്പ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലക്കല്‍പമ്പ ചെയിന്‍ സര്‍വീസിനായി ആദ്യഘട്ടത്തില്‍ നൂറ് ബസുകളും, ഇതര ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി എഴുപത് ബസുകളും പമ്പ ബസ് സ്റ്റേഷനിലേക്ക് നല്‍കും. ഇവയില്‍ ഭൂരിപക്ഷവും ലോഫ്‌ളോര്‍ ബസുകളാണ്. മകരവിളക്ക് ദിവസം നിലക്കല്‍പമ്പ ചെയിന്‍ സര്‍വീസിനും ദീര്‍ഘദൂര സര്‍വീസുകള്‍ക്കുമായി ആയിരം ബസുകള്‍ വരെ ഉപയോഗിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, കായംകുളം, കോട്ടയം, എറണാകുളം, എരുമേലി, കുമളി ഡിപ്പോകളാണ് പ്രത്യേക സര്‍വീസ് കേന്ദ്രങ്ങള്‍. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല, എറണാകുളം (സൗത്ത്) റെയില്‍വേ സ്റ്റേഷനുകളില്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി.യുടെ കണ്‍ട്രോള്‍ സ്റ്റേഷന്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും.
പമ്പയിലേക്കും എരുമേലിയിലേക്കും ഇവിടങ്ങളില്‍ നിന്നും ബസ് സര്‍വീസ് ഉണ്ടാകും. പഴവങ്ങാടി, കൊട്ടാരക്കര, കോട്ടയം തിരുനക്കര, ഓച്ചിറ, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പളനി, മധുര, തെങ്കാശി, കന്യാകുമാരി, കമ്പം എന്നിവിടങ്ങളിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷനും ലഭ്യമാണ്.
ശബരിമല പ്രത്യേക സര്‍വീസുകള്‍ക്ക് 25 ശതമാനം ടിക്കറ്റ് നിരക്ക് കൂടുതലായി ഈടാക്കാമെങ്കിലും കെ.എസ്.ആര്‍.ടി.സി വര്‍ഷങ്ങളായി അത് നടപ്പാക്കുന്നില്ല. നാല്‍പ്പത് പേരില്‍ കുറയാതെയുള്ള സംഘം ഒന്നിച്ച് സീറ്റ് ബുക്ക് ചെയ്താല്‍ ഡിപ്പോയില്‍ നിന്നും പത്ത് കിലോമീറ്ററിന് അകത്തുള്ള ദൂരത്തില്‍ അവര്‍ക്കായി സര്‍വീസ് നടത്തും. കൂടാതെ പ്രധാന സ്റ്റേഷനുകളില്‍ നിന്നും പമ്പയിലേക്കും, പമ്പയില്‍ നിന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിലേക്കും മുന്‍കൂട്ടി ബുക്ക് ചെയ്ത് ബസ് ഉപയോഗിക്കുന്ന തരത്തില്‍ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പാക്കേജുകളില്‍ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും തീര്‍ത്ഥാടകരുടെ മാത്രം ഉപയോഗത്തിനായി ബസുകള്‍ സജ്ജമാക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി വെബ്‌സൈറ്റിലും, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലും മറ്റ് പ്രധാന യൂണിറ്റുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."