സിപിഎം കാണിക്കുന്ന ന്യൂനപക്ഷ പ്രേമം നാടകമാണെന്ന് ആദം മുല്‍സി
ദോഹ: ബീഫ് ഫെസ്റ്റിവലിലും ഇപ്പോള്‍ മുത്തലാഖ് വിഷയത്തിലും സിപിഎം കാണിക്കുന്ന ന്യൂനപക്ഷ പ്രേമം വെറും നാടകമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ആദം മുല്‍സി.
കേരളത്തില്‍ വലിയ വിഷയമല്ലാതിരുന്ന ബീഫ് രാഷ്ട്രീയത്തില്‍ ഇടപെട്ട് സിപിഎം ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് മുസ്്‌ലിംകളുടെ വൈകാരികത ഇളക്കിവിട്ട് വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായിരുന്നു.
ഇത് ബിജെപിയും മുതലെടുത്തു. ശരീഅത്ത് വിഷയത്തില്‍ തികഞ്ഞ മുസ്്‌ലിം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന സിപിഎം ഇപ്പോള്‍ മുത്തലാഖ് വിഷയത്തില്‍ പ്രചരണത്തനിറങ്ങിയിരിക്കുന്നതും അതേ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ ഇന്‍കാസിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പ്രവാസികള്‍ ഉള്‍പ്പെടെ അവശവിഭാഗങ്ങളെ സഹായിക്കുന്ന നിലപാടാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ആഗോള മാന്ദ്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ വേളയില്‍ കാര്യക്ഷമമായി ഇടപെടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണം അഞ്ച് മാസം പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും കൂത്തരങ്ങായി കേരളം മാറിയിയിരിക്കുന്നു. ആയുധം താഴെ വയ്ക്കാന്‍ സിപിഎമ്മും ബിജെപിയും തയ്യാറാവണമെന്ന് ആദം മുല്‍സി പറഞ്ഞു.
പൊലിസിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ നിയമപാലന സംവിധാനത്തെ മുഴുവന്‍ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുയാണ്. പിണറായിയുടെ പേര് ഉപയോഗിച്ച് പോലും ഗുണ്ടാപിരിവ് നടത്തുന്ന സാഹചര്യമാണുള്ളത്. വിജിലന്‍സ് ഡയറക്ടര്‍ക്കു പോലും രക്ഷയില്ലാതായി.
അച്യുതാനന്ദന്റെത് അടക്കമുള്ള ഫോണ്‍ ചോര്‍ത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ക്രമസമാധാന തകര്‍ച്ച ഇല്ലാതാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ കോളജുകള്‍ക്കെതിരേ സമരം ചെയ്ത് രക്തസാക്ഷികളെ ഉണ്ടാക്കിയവരാണ് ഇപ്പോള്‍ സാശ്രയ കോളജുകള്‍ക്കു വേണ്ടി നിലകൊള്ളുന്നത്. സ്വാശ്രയ ഫീസ് യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 45,000 രൂപയാണ് വര്‍ധിപ്പിച്ചതെങ്കില്‍ എല്‍ഡിഎഫ് വന്ന ആദ്യ വര്‍ഷം തന്നെ 65,000 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.
എന്‍ആര്‍ഐ ഫീസില്‍ 2.5 ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
അഴിമതി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായാലും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അത്തരക്കാരെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാവണമെന്നും അതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച് കൊണ്ട് ആദം മുല്‍സി പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനും ശശികല ടീച്ചര്‍ക്കുമെതിരേ ഉണ്ടായ പരാതിയില്‍ ഇരട്ട നിലപാട് സ്വീകരിച്ചത് ശരിയല്ല. രാജ്യത്ത് വര്‍ഗീയത ഇളക്കി വിടാന്‍ ശ്രമിക്കുന്നവരെ ഒരേ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കെ കെ ഉസ്്മാന്‍, ഷമീര്‍ ഏറാമല, അഷ്‌റഫ് വടകര, അന്‍വര്‍ സാദത്ത്, അഡ്വ. സുനില്‍ കുമാര്‍, ബഷീര്‍ തുവരിക്കല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."