സമരത്തിന്റെ പേരില്‍ കണ്ണൂര്‍ മെഡി. കോളജ് സി.ഐ.ടി.യു പിടിച്ചെടുത്തു: മാനേജ്മെന്റ്
കണ്ണൂര്‍: തൊഴിലാളി സമരത്തിന്റെ പേരില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് സി.ഐ.ടി.യു പിടിച്ചെടുത്തിരിക്കുകയാണെന്നു മാനേജ്മെന്റ്. മറ്റൊരു സ്വാശ്രയ മെഡിക്കല്‍ കോളജിലും ഇല്ലാത്ത തരത്തില്‍ സി.ഐ.ടി.യു അക്രമസമരം നടത്തി ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും ഡോക്ടര്‍മാരെയും ഭീഷണിപ്പെടുത്തുകയാണെന്ന് എം.ഡി ഡോ.എം.എ ഹാഷിം, ജി.കെ ഗോപകുമാര്‍, ഡോ. പി.ജി ആനന്ദകുമാര്‍, ഡോ. അരുണ്‍ നായര്‍ എന്നിവര്‍ ആരോപിച്ചു.
ബോണസ് പ്രശ്നത്തില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ മുന്നില്‍ ഒപ്പിട്ട കരാറെന്നു രേഖ സൃഷ്ടിച്ചാണു തൊഴിലാളികള്‍ സമരം തുടങ്ങിയത്. ആ രേഖ തെറ്റാണെന്നു ലേബര്‍ ഓഫിസര്‍ രേഖാമൂലം അറിയിച്ചിട്ടും ആ പേരില്‍ സമരം തുടരുന്നത് അത്ഭുതമാണ്. ബോണസ് നിയമം അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയമത്തിന്റെ പരിധിക്കു പുറത്താണ്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ബോണസ് പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കാന്‍ നല്കിയ ഹരജി കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന്റെ തീര്‍പ്പ് കാത്തിരിക്കുകയാണ്. അര്‍ഹമായ മിനിമം വേതനം എല്ലാ തൊഴിലാളികള്‍ക്കും നല്‍കുന്നുണ്ട്.
അതേസമയം യോഗ്യതയില്ലാത്ത തൊഴിലാളികള്‍ ഉയര്‍ന്ന വേതനത്തിന് ആവശ്യപ്പെടുകയാണ്. സമരം ചെയ്യുന്നവരില്‍ പകുതിയോളം പേര് സ്വകാര്യ കരാറുകാരുടെ കീഴിലെ തൊഴിലാളികളാണ്. കോടതികളുടെ മുന്നിലുള്ള വിഷയങ്ങളെ ബാധിക്കാത്ത തരത്തില്‍ ഏതു ഒത്തുതീര്‍പ്പിനും മാനേജ്മെന്റ് തയാറാണെന്ന് അറിയിച്ചിട്ടും തൊഴിലാളി യൂനിയന്‍ പിടിവാശി തുടരുകയാണ്. കോടതി നിശ്ചയിച്ച മീഡിയേറ്ററും ജില്ലാ ലേബര്‍ ഓഫിസറും വിളിച്ച അനുരഞ്ജന യോഗങ്ങളില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. സമരാനുകൂലികള്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മാസം 13 മുതലാണു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
സമരം കാരണം അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജ് മലപ്പുറത്തേക്കു മാറ്റുമെന്നും ഇതു പൂര്‍ത്തിയാവും വരെ സംരക്ഷണത്തിനു കേന്ദ്രസേനയെ നിയോഗിക്കണമെന്നും ചൊവ്വാഴ്ച മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."