കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. കൊട്ടാരക്കര മുസ് ലിം സ്ട്രീറ്റ് വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിത(31)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രസവ വേദനയെതുടര്‍ന്ന് രാത്രി 8.30ഓടെയാണ് സഹിതയെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ശ്രീജ ഇവരെ പരിശോധിച്ച ശേഷം പ്രസവ മുറിയിലേക്ക് മാറ്റുകയും എനിമയും ആന്റിബയോട്ടിക്കും ഐ.വി ഡ്രിപ്പും നല്‍കി ആശുപത്രി വിട്ടു പോവുകയായിരുന്നുവത്രെ.
അധികം വൈകാതെ പ്രസവ മുറിയില്‍ വച്ച് യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചുവെന്ന വിവരമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരുമായി വാക്കേറ്റത്തിലായി. സംഭവമറിഞ്ഞ് സംഘടിച്ചെത്തിയ ഇടത് മുന്നണി പ്രവര്‍ത്തകര്‍ രാത്രിതന്നെ ആശുപത്രിയില്‍ ഉപരോധ സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ. ജയശങ്കറും സംഘവും രാത്രി 12 ഓടെതന്നെ ആശുപത്രിയിലെത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എ. ഷാജു, ആര്‍.എം.ഒ ഡോ. ഡാര്‍വിന്‍, എസ്.ഐ ശിവപ്രകാശ് എന്നിവരും ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. സംഭവത്തെപ്പറ്റി അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിന് ഡി.എം.ഒ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഡോ. ശ്രീജ അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചു.
യുവതിയുടെ മൃതദേഹം ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതിഷേധങ്ങള്‍ക്കിടെ ഗര്‍ഭിണിയായ ഡോ. ശ്രീജയ്ക്ക് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. ഈ ഡോക്ടറെപ്പറ്റി മുന്‍പും പലതവണ പരാതി ഉണ്ടായിട്ടുണ്ട്. അടുത്തിടെ പള്ളിയ്ക്കല്‍ സ്വദേശിനിയായ യുവതി സിസേറിയനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായത് ഏറെ വിവാദമായിരുന്നു.
റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ ഡോക്ടര്‍ക്കെതിരേ മുന്‍പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലിസില്‍ നിന്നുള്ള വിവരം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ ആഭ്യന്തര വകുപ്പ് മന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. സബിന്‍ മരണമടഞ്ഞ സഹിതയുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."