നഗരസഭാ ലേലം അഴിമതി; കെട്ടിടംപൊളി എല്‍.ഡി.എഫ് തടഞ്ഞു
പറവൂര്‍: നഗരസഭയുടെ പള്ളിത്താഴത്തുള്ള മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് ക്വര്‍ട്ടേഴ്‌സ് കെട്ടിടം പൊളിക്കാന്‍ നല്‍കിയ ലേലത്തില്‍ അഴിമതി കാട്ടിയതിനെ തുടര്‍ന്ന് കെട്ടിടം പൊളിക്കല്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. അമ്പതുകൊല്ലത്തിലേറേ പഴക്കമുള്ളതും തേക്ക് ഉരുപ്പടികള്‍ മുതലായവ ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ മൂല്യമുള്ള രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ക്വര്‍ട്ടേഴ്‌സ് കെട്ടിടം പൊളിക്കാന്‍ ലേലം ചെയ്തതിലാണ് നഗരസഭാചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിനടത്തിയത്.
ഗുണനിലവാരമുള്ള തേക്കിന്റെ ഉത്തരങ്ങളും ഇരുപതില്‍പരം കട്ടിളകളും ജനാലകളും ചെങ്കല്ലും മണലും ഇരുമുള്ളില്‍ പണിതിട്ടുള്ള എട്ടിലേറെ ഫ്രെയിമുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ചേര്‍ത്തു വെറും 14400 രൂപക്ക് കൗണ്‍സിലിനെ തെറ്റിധരിപ്പിച്ചു ഭരണസമിതിക്കാര്‍ ഇഷ്ടക്കാര്‍ക്കു നല്‍ക്കുകയായിരുന്നു. ഇതിനായി ചെയര്‍മാന്റെ ഒത്താശയോടെ എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥന്‍ 13539 രൂപയുടെ വാല്യൂവേഷനാണ് സൈറ്റ് സന്ദര്‍ശനം പോലും നടത്താതെ തയാറാക്കിയത്.
എന്നാല്‍ ലേലം എടുത്തയാള്‍ തൊട്ടടുത്തദിവസം തന്നെ മറ്റൊരാള്‍ക്ക് ഒന്നരലക്ഷം രൂപയ്ക്കു മറിച്ചു കരാര്‍ നല്‍കുകയും ഏറ്റെടുത്തവര്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതോടെയാണ് ഇടതുപക്ഷ അംഗങ്ങള്‍ ഇടപെട്ട് നിര്‍ത്തിച്ചത്. ചെയര്‍മാനു കൂടി പങ്കുള്ള ഈ അഴിമതി കരാര്‍ റദ്ദുചെയ്ത് റീ വാലുവേഷന്‍ നടത്തി പുനര്‍ ലേലം ചെയ്യണമെന്നാണ് എല്‍.ഡി.എഫ് അംഗങ്ങളുടെ ആവശ്യം. സമരത്തില്‍ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ കെ.എ വിദ്യാനന്ദന്‍, കെ സുധാകരന്‍ പിള്ള, ടി.വി നിഥിന്‍, സി.പി ജയന്‍, സുനില്‍ സുകുമാരന്‍, കെ.ജി ഹരിദാസ്, നബീസ ബാവ, ജ്യോതി ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."