മുത്വലാഖിന്റെ രാഷ്ട്രീയം
ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുത്വലാഖില്‍ കൊത്തിയിരിക്കുന്നു. യു.പി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബുന്ദേല്‍ഖണ്ഡില്‍ നടന്ന മഹാപരിവര്‍ത്തന്‍ റാലിയിലാണ് പ്രധാനമന്ത്രി തന്നെ മുത്വലാഖിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇതോടെ എത്രമാത്രം നിഗൂഢമായ ഒരു രാഷ്ട്രീയ ആയുധമാണ് മുത്വലാഖ് എന്ന് സാമൂഹ്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകാവുന്നതേയുള്ളൂ. ഇന്ത്യയിലെ മുസ്്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും അതുകൊണ്ട് തന്നെ മുത്വലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂടുള്ള ചര്‍ച്ചകളിലേക്ക് നയിച്ച ഷാബാനു കേസിനു സമാനമായ സാഹചര്യം വീണ്ടും സംജാതമായിരിക്കുന്നു എന്ന തിരിച്ചറിവാണ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കുമുണ്ടാകേണ്ടത്. മുസ്്‌ലിം സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്ന നരേന്ദ്രമോദിയുടെ ഗുജറാത്തിലാണ് ഗര്‍ഭസ്ഥ ശിശുവിനെ ത്രിശൂലത്തില്‍ ചുട്ടെരിച്ചതെന്ന പഴയ കഥ നമുക്ക് സൗകര്യപൂര്‍വം വിസ്മരിക്കാം. യശോദബെന്‍ എന്ന പെണ്‍കുട്ടിയെ ഒറ്റ ത്വലാഖ് പോലും ചൊല്ലാതെ ഉപേക്ഷിച്ചുപോയ മോദിജിയുടെ ഹിന്ദുസ്ത്രീ സ്‌നേഹവും നമുക്ക് മറക്കാം. ഇപ്പോള്‍ പുതുതായി ഉണ്ടാവുന്ന ഈ സ്ത്രീ പക്ഷ ചിന്തയുടെ രാഷ്ട്രീയത്തെയാണ് വിവേകപൂര്‍വം വിശകലനത്തിനു വിധേയമാക്കേണ്ടത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതാണ്. ഇന്ത്യയിലെ സിവില്‍ നിയമവുമായി നടക്കുന്ന വിവാദങ്ങള്‍ ഒരിക്കലും ഒരു മുസ്്‌ലിം വിഷയമായി മാത്രം കാണാനാവില്ല. മുസ്്‌ലിംകള്‍ക്കു മാത്രമല്ല, സിവില്‍ നിയമങ്ങളുള്ളത്. മുസ്്‌ലിം വ്യക്തിനിയമം പോലെ ഹിന്ദു വ്യക്തി നിയമമുണ്ട്. പാര്‍സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വെവ്വേറെ വ്യക്തിനിയമങ്ങളുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങി പൗരന്റെ വിശ്വാസപരമായ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സിവില്‍ നിയമത്തെ ഏകീകരിക്കുക എന്നത് ഫാസിസ്റ്റ് നിലപാടിന്റെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത് സവര്‍ണാചാരങ്ങളെ ഇതിന്റെ മറവില്‍ നടപ്പാക്കാനാണ്. അതുകൊണ്ട് തന്നെ മുസ്്‌ലിംകള്‍ മാത്രമല്ല ഇതിന്റെ തിക്തഫലമനുഭവിക്കേണ്ടി വരിക. ഫലത്തില്‍ ദലിതരും അവര്‍ണരുമായ ശതകോടി കണക്കിനു വരുന്ന ഇന്ത്യയിലെ അടിസ്ഥാന വര്‍ഗം അവരുടെ ആചാരങ്ങളെ കൈയൊഴിയേണ്ടി വരും. എന്നാല്‍ ബി.ജെ.പി ആഗ്രഹിക്കുന്ന രാഷ്ട്രീയ ലാഭം, ഏക സിവില്‍കോഡിനെ ഒരു മുസ്്‌ലിം വിരുദ്ധ ആയുധമാക്കുന്നതിലാണ്. ചോദ്യങ്ങള്‍ വളരെ ലളിതമാണ്. ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തിലെ പൗരന്മാര്‍ക്ക് ഒരു നിയമമുണ്ടാകുന്നതിലെന്താണ് തെറ്റ്? എന്നാല്‍ ഇതിന്റെ ഉത്തരം വിഷലിപ്തമാണ്. വൈവിധ്യങ്ങളെ തല്ലിക്കെടുത്തിയാലേ സംഘ്പരിവാറിന്റെ ഏകശിലാ സംസ്‌കാരത്തിലേക്ക് നയിക്കാനാകൂ എന്നത് തന്നെയാണ് ഇതിനു പിറകിലെ അടിസ്ഥാന രാഷ്ട്രീയം. അതിനു തലവച്ചുകൊടുക്കാന്‍ തയാറല്ലാത്തതിനാലാണ് പ്രബുദ്ധരായ മുസ്്‌ലിം ബുദ്ധിജീവികളും പണ്ഡിതന്മാരും രാഷ്ട്രീയ നേതൃത്വവും ഏകസ്വരത്തില്‍ ഇതിനെതിരേ രംഗത്തുവരുന്നത്.
ഷാബാനു കേസ് കത്തിയാളിയ കാലത്തും ഇപ്പോഴും രാജ്യവ്യാപകമായി ഏകസിവില്‍കോഡിനെതിരേ മുസ്്‌ലിം സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളം കൂടുതല്‍ സംഘടിതമായ നീക്കമാണ് നടത്തുന്നത്. ദേശീയതലത്തില്‍ മുസ്്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡും മുസ്്‌ലിംലീഗും നിയമപരവും രാഷ്ട്രീയവുമായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ കേരളത്തില്‍ മുസ്്‌ലിം സംഘടനകളും പണ്ഡിത സഭകളും ഇതിന് ശക്തിപകരുന്ന നിലപാടുമായി മുന്നോട്ട് പോവുകയാണ്.
മുത്വലാഖ് സംബന്ധമായി സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിചേര്‍ന്നതും ലോ കമ്മിഷന്‍ ഏക സിവില്‍കോഡ് വിഷയത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാനെന്ന പേരില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചതും നിഗൂഢമായ ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് വേണ്ടി തയാറാക്കിയ 16 ചോദ്യങ്ങളില്‍ ഭൂരിപക്ഷവും മുസ്്‌ലിം വ്യക്തി നിയമത്തിനെതിരേയുള്ള ഒളിയജന്‍ഡകള്‍ നിറഞ്ഞതാണ്. മുത്വലാഖ് അടക്കമുള്ള വിഷയങ്ങളില്‍ മുസ്്‌ലിം സംഘടനകള്‍ക്ക് അകത്തുതന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന് വരുത്തി തീര്‍ത്ത് ഏക സിവില്‍കോഡിനു അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് ചോദ്യങ്ങളുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് മുസ്്‌ലിം സംഘടനകള്‍ ചോദ്യാവലിയോട് പ്രതികരിക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി തന്നെ തീരുമാനിച്ചത്.
സമൂഹത്തില്‍ അള്‍ട്രാ സെക്യുലറിസം ചമയാന്‍ വ്യഗ്രത കാട്ടുന്ന ചില വേഷം കെട്ടുകാരും മതത്തിന്റെ വിശാലമായ യുക്തിയെ തിരിച്ചറിയാന്‍ കഴിയാത്ത അല്‍പജ്ഞാനികളുമാണ് മുത്വലാഖ് ഒരു മഹാപാതകമായി അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വധശിക്ഷ നിലവിലുണ്ട്. എന്നാല്‍ എല്ലാ കൊലയാളികള്‍ക്കും വധശിക്ഷ വിധിക്കാറില്ല. മുത്വലാഖ് എന്നത് ഇന്ത്യയിലെ മുസ്്‌ലിമിന്റെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടുന്നത്. മുസ്്‌ലിംകളേക്കാള്‍ എത്രയോ ഏറെ വിവാഹമോചനം നടക്കുന്നത് മറ്റ് സമൂഹങ്ങളിലാണെന്ന് ഏറ്റവും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്.
ത്വലാഖിനെക്കുറിച്ചുള്ള മതവിധികള്‍ മനസ്സിലാക്കാതെയും ഉള്ള അറിവുകള്‍ തമസ്‌കരിച്ചുമാണ് പല ബുദ്ധിജീവി നാട്യക്കാരും ഇത് വലിയ വായില്‍ സംസാരിക്കുന്നത്. അതേ സമയം മുസ്്‌ലിം സമുദായത്തിനെതിരേ ഒളിയജന്‍ഡയുമായി വരുന്ന ശത്രുക്കളുടെ കൈയിലെ കളിപ്പാവകളായി ഇവര്‍ മാറുകയാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡു മുത്വലാഖ് മനുഷ്യരഹിതമാണെന്ന് പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ കെ.ടി ജലീല്‍ മുത്വലാഖിനെതിരേ തിരിഞ്ഞതും ഈ സ്യൂഡോ സെക്കുലറിസത്തിന്റെ പേരിലാണ്. മുത്വലാഖ് ശരീഅത്ത് അനുവദിക്കുന്ന കാര്യമാണെങ്കില്‍ അത് നിലനില്‍ക്കേണ്ടത് മുസ്്‌ലിംകളുടെ മാത്രം അവകാശമല്ല. ഭരണഘടനാ ഉറപ്പുതരുന്ന അവകാശം തന്നെയാണ്. അതുകൊണ്ട് തന്നെ മുത്വലാഖില്‍ കൊത്തി ശരീഅത്തിനെ പിടിക്കാനുള്ള ഈ നീക്കത്തെ അതീവ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത് പ്രശംസാര്‍ഹമായ നിലപാടാണ്. മുത്വലാഖ് വിഷയത്തില്‍ ധൃതിപിടിച്ച് തീരുമാനങ്ങള്‍ പാടില്ലെന്നും മുസ്്‌ലിം പണ്ഡിതന്മാരാണ് ഇക്കാര്യത്തില്‍ അന്തിമമായ അഭിപ്രായം പറയേണ്ടതെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍ സിങ് വ്യക്തമാക്കിയത് സ്വാഗതാര്‍ഹമാണ്.
വികാരപരമായ ഏക സിവില്‍കോഡ് വിഷയത്തെ നാം സമീപിക്കേണ്ടത് നിയമപരമായും ഭരണഘടനാപരമായും ലഭ്യമാകേണ്ട ഒരു പരിരക്ഷയെ നിയമവിരുദ്ധമായ വഴിയില്‍ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. ഇന്ത്യയിലെ മുസ്്‌ലിം സമുദായത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. പട്ടിണിയും നിരക്ഷരതയും, ദാരിദ്ര്യവുമെല്ലാം അതില്‍ മുഖ്യമാണ്. അല്ലാത്ത രാജ്യത്തുടനീളം മുസ്്‌ലിംകള്‍ മുത്വലാഖ് ചൊല്ലിയ കടലാസുമായി ഭാര്യമാരുടെ മുന്‍പില്‍ ക്യൂ നില്‍ക്കുകയല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു കാര്യത്തെ സാമാന്യവല്‍കരിക്കുന്നവര്‍ ലക്ഷ്യമിടുന്നത് താല്‍ക്കാലിക കൈയ്യടി മാത്രമാണ്. രാജ്യത്തെ വിഴുങ്ങാന്‍ വാതുറന്നു നില്‍ക്കുന്ന ഫാസിസത്തിന്റെ ബീഭത്സചിത്രം തിരിച്ചറിയാതെ കിണറ്റിലെ തവളകളാവാതിരിക്കാനുള്ള വിവേകമാണ് ഓരോരുത്തരും പ്രകടിപ്പിക്കേണ്ടത്. മതപരമായ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്ന മതസംഘടനകള്‍പോലും സംഘ്പരിവാര്‍ ചൂണ്ടയിലെ ഇരയാണ് മുത്വലാഖെന്ന് തിരിച്ചറിഞ്ഞ് സമുദായം ഒന്നിച്ചുനില്‍ക്കണമെന്ന് പറയുമ്പോള്‍ കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള സെക്കുലര്‍ നാട്യക്കാര്‍ നടത്തുന്ന പ്രസ്താവനകള്‍ നിഗൂഢലക്ഷ്യത്തോടെയുള്ളതാണ്.
മുസ്്‌ലിം സമുദായത്തിന്റെ വേറിട്ട സ്വത്വം തകര്‍ക്കുകയെന്നത് സംഘ്പരിവാറിന്റെ എക്കാലത്തെയും അജന്‍ഡയാണ്. വിശ്വാസപരമായ. ആ സ്വത്വബോധം ഒരിക്കലും വര്‍ഗീയമല്ല. അതുകൊണ്ടാണ് മുസ്്‌ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മുസ്്‌ലിം എന്ന സ്വത്വബോധത്തെ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുമ്പോഴും മറ്റ് സമുദായങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്നത്. മുസ്്‌ലിം എന്ന സ്വത്വബോധം ഒളിച്ചുകടത്താനുള്ള ഒന്നല്ല. അതിനെ യഥാര്‍ഥ വിശ്വാസംകൊണ്ട് പ്രകാശിതമാകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെടുകയാണ് ചെയ്യുക. സെക്യുലറിസം നമ്മുടെ അഭിമാനമാണ്. എന്നാല്‍ സ്യൂഡോ സെക്യുലറിസം ആത്മനിന്ദയില്‍നിന്ന് ഉണ്ടാവുന്നതാണ്. അത്തരം വ്യക്തികളും രാഷ്ട്രീയ നേതാക്കളും എന്നും കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ടെന്ന കാര്യം കെ.ടി ജലീല്‍ തിരിച്ചറിയുന്നത് നന്നാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."