ജില്ലയിലെ 90 ശതമാനം കൃഷിയിടങ്ങളിലും കൂടിയ തോതില്‍ അമ്ലത്വം
കാസര്‍കോട്: ജില്ലയിലെ 90 ശതമാനം കൃഷിയിടങ്ങളിലും കൂടിയ തോതില്‍ അമ്ലത്വമുണ്ടെന്നു കണ്ടെത്തല്‍. ജില്ലയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ മണ്ണു പരിശോധനയിലാണു കൃഷിയിടങ്ങളില്‍ അമ്ലത്വം കൂടിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അമ്ലത്വം കൂടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു സര്‍ക്കാരിനു കത്തെഴുതിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നിര്‍ദേശവും നടപ്പാക്കപ്പെട്ടില്ല. അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കൃഷി വകുപ്പിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
തെങ്ങ്, കവുങ്ങ്, റബര്‍ കൃഷികള്‍ ചെയ്യുന്ന ഒന്നര ലക്ഷം ഹെക്ടര്‍ സ്ഥലത്തും നെല്‍കൃഷിയടക്കം നടക്കുന്ന 4000 ഹെക്ടര്‍ സ്ഥത്തുമാണു വളരെ കൂടിയ തോതില്‍ അമ്ലത്വം കണ്ടെത്തിയിരിക്കുന്നത്.
അമ്ലത്വം കൂടിയ കൃഷിയിടങ്ങളില്‍ ഉല്‍പാദനം കുറയുമെന്നതാണു പ്രത്യേകത. ഇതു മാത്രമല്ല കൂടിയ വിലക്കു വാങ്ങുന്ന വളങ്ങള്‍ പോലും അമ്ലത്വമുള്ള കൃഷിയിടങ്ങളിലെ ചെടികള്‍ വലിച്ചെടുക്കില്ല. ഇതു മൂലം വളപ്രയോഗം കര്‍ഷകനെ സംബന്ധിച്ച് വലിയ നഷ്ടമാവും.
ചുരുക്കത്തില്‍ കൃഷിയിടങ്ങളിലെ വലിയ തോതിലുള്ള അമ്ലത്വം കാരണം കാര്‍ഷിക ഉല്‍പാദനം കുത്തനെ കുറയുകയും വളപ്രയോഗം കര്‍ഷകനു നഷ്ടമാവുകയും ചെയ്യും. കൂടിയ തോതില്‍ അമ്ലത്വം കണ്ടെത്തിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു ബോധവല്‍ക്കരണം നടത്തുന്നതിനും വേണ്ട നിര്‍ദേശം നല്‍കുവാനും ആഗ്രോ സര്‍വിസ് സെന്ററുകള്‍ തുടങ്ങണമെന്നുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെ നിര്‍ദേശവും സംസ്ഥാന കൃഷി വകുപ്പ് അവഗണിച്ചു. കൃഷി ഓഫിസുകള്‍ കേന്ദ്രീകരിച്ച് ആഗ്രോ സര്‍വിസ് സെന്ററുകള്‍ തുടങ്ങിയാല്‍ പ്രാദേശിക തലത്തില്‍ കര്‍ഷകര്‍ക്കു വേണ്ട രീതിയിലുള്ള നിര്‍ദേശം നല്‍കാനാവുമായിരുന്നു. എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ആഗ്രോ സര്‍വിസ് സെന്ററുകള്‍ തുറക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോയത്.
അമ്ലത്വമുണ്ടെന്നു കണ്ടെത്തിയ കൃഷിയിടങ്ങളില്‍ വളമിടുന്നതിനു മുമ്പ് കുമ്മായം വിതറണമെന്ന കൃഷി ഓഫിസര്‍മാരുടെ നിര്‍ദേശം മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനപ്പുറമുള്ള ഒരു മണ്ണു പരിശോധനയും തുടര്‍ പ്രക്രിയയും ഇത്തരം കൃഷിയിടങ്ങളില്‍ നടക്കുന്നില്ല. പാടശേഖരങ്ങളെ പോലും പങ്കെടുപ്പിച്ചു ഗുരുതരമായ ഈ സ്ഥിതി വിശേഷത്തെ കുറിച്ചു ചര്‍ച്ച നടത്താനോ ബോധവല്‍ക്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കാനോ കാര്‍ഷിക രംഗത്തെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കാര്‍ഷിക മേഖലയില്‍ ആവശ്യത്തിനു കര്‍ഷക തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയും ഉയര്‍ന്ന കൂലിനിരക്കും മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കു മേല്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണു കൃഷിയിടങ്ങളില്‍ അമ്ലത്വം കൂടുന്നുവെന്ന കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."