രണ്ടായിരത്തിലധികം താറാവുകള്‍ ചത്തു; പക്ഷിപ്പനിയെന്ന് സംശയം
സാമ്പിളുകള്‍ ഭോപ്പാലിലെ പക്ഷിരോഗ നിര്‍ണയ ലാബിലേക്ക് അയച്ചു
കോട്ടയം: കോട്ടയത്ത് ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തിലധികം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. അയ്മനം, ആര്‍പ്പൂക്കര എന്നീ പഞ്ചായത്തുകളിലായാണ് താറാവുകള്‍ ചത്തത്. സാമ്പിളുകള്‍ പരിശോധിച്ച തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറി പക്ഷിപ്പനിയെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കിയിട്ടില്ല.
സാമ്പിളുകള്‍ ഭോപ്പാലിലെ പക്ഷിരോഗ നിര്‍ണയ ലാബില്‍ അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ രോഗമെന്തെന്നു സ്ഥിരീകരിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി അയച്ച സാമ്പിളുകള്‍ ഇന്നു ഭോപ്പാലിലെത്തും.
ആര്‍പ്പൂക്കര പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയായ മണിയാപറമ്പ് കേളക്കരി, വാവാക്കാട്, ചൂരത്ര പാടശേഖരങ്ങളിലാണ് താറാവുകള്‍ ചാകുന്നത്. കേളക്കരി പാടശേഖരത്തില്‍ വര്‍ഷങ്ങളായി താറാവു കൃഷി നടത്തുന്ന സുനിലിന്റെ ആയിരത്തോളം താറാവുകള്‍ ഇതുവരെ ചത്തു. ഇന്നലെ മാത്രം മുന്നൂറോളം താറാവുകളാണ് ചത്തത്.
താറാവുകള്‍ ചത്തു തുടങ്ങിയപ്പോള്‍തന്നെ സുനില്‍ സാമ്പിളുകള്‍ മാഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ എത്തിച്ചിരുന്നെങ്കിലും പരിശോധനാ ഫലം ലഭ്യമായിരുന്നില്ല.
പക്ഷിപ്പനി സംശയത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു. സുനിലിന് 4,300 താറാവുകളാണുണ്ടായിരുന്നത്. പുളിക്കാശേരി ചെല്ലപ്പന്റെ 75 താറാവുകള്‍ കഴിഞ്ഞദിവസം ചത്തിരുന്നു.
രോഗം കൂടുതല്‍ മേഖലകളിലേക്കു പടരുന്നത് തടയാന്‍ താറാവുകളെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും പ്രതിരോധ മരുന്നുകള്‍ നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."