കരട് മുന്‍ഗണനാ പട്ടികയില്‍ നിന്നു പുറത്തായവര്‍ ആശങ്കയില്‍
കൊച്ചി: ഭക്ഷ്യഭദ്രത നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേ കരട് മുന്‍ഗണന പട്ടികയില്‍ നിന്നും പുറത്തായവരുടെ ആശങ്കയും നെട്ടോട്ടവും തുടരുന്നു.നിലവില്‍ ബി.പി.എല്‍ ലിസ്റ്റില്‍ പെട്ടവരും ഇപ്പോഴത്തെ പട്ടികയില്‍ നിന്നും പുറത്തായവരും നേരത്തെ എ.പി.എല്ലില്‍ നിന്നും ബി.പി.എല്‍ ഗണത്തിലാവുന്നതിനു അപേക്ഷ സമര്‍പ്പിച്ചിരുന്നവരുമാണ് ആശങ്കാകുലരായി പരക്കം പായുന്നത്.
അധികൃതര്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന പട്ടികയില്‍ അര്‍ഹരായ നിലവിലുള്ള ബി പി എല്‍ കാര്‍ഡുകാരില്‍ ബഹുഭൂരിപക്ഷവും പട്ടികയില്‍നിന്നും പുറത്താണ്. എന്നാല്‍ ഏതൊരു തരത്തിലും മുന്‍ഗണന ഗണത്തില്‍ പെടാന്‍ അര്‍ഹരല്ലാത്ത കാര്‍ഡുടമകള്‍ പുതിയ പട്ടികയില്‍ പെട്ടിട്ടുണ്ടുതാനും. ഇത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് വ്യാപകമായ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പരാതികള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ അഞ്ച് വരെ സമയവും നല്‍കിയിട്ടുണ്ട്.
പറവൂര്‍ താലൂക്ക് റേഷനിങ് ഓഫീസിനു കീഴില്‍ ഒരുലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകളുണ്ട്. ഇതില്‍ 26000 കാര്‍ഡുകള്‍ ബി പി എല്ലില്‍ ഉണ്ട്. ബാക്കിയുള്ളവര്‍ എ പി എല്‍ കാര്‍ഡുടമകളാണ്. നിലവിലെ ബി പി എല്‍ ലിസ്റ്റിലും അനര്‍ഹരായവര്‍ ഏറെയുണ്ട്. ഇവരിലെ പിന്നോക്കക്കാരെ കണ്ടെത്തി മുന്‍ഗണന ലിസ്റ്റില്‍ പെടുത്തുമോയെന്ന ചോദ്യവും ജനപക്ഷത്തുണ്ട്. ഇതിനകം വിവിധ പഞ്ചായത്ത്,നഗരസഭാപ്രദേശങ്ങളില്‍ നിന്നുമായി 20,000 അപേക്ഷകള്‍ പറവൂര്‍ താലൂക്ക് സപ്ലെഓഫീസില്‍ ലഭിച്ചിട്ടുണ്ട്.
റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് പുതുക്കല്‍ കാലയളവില്‍ നല്‍കിയ ഫോറത്തില്‍ ഗൃഹനാഥനു പകരം ഗൃഹനാഥയെന്ന ആശയത്തിലുണ്ടായ പാകപ്പിഴകളാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റേഷനിങ് ഓഫീസിലെ സീനിയറായ ചില ജീവനക്കാര്‍ പറയുന്നത്.ഗൃഹനാഥയുടെ പേരിലുള്ള വിശദാംശങ്ങളുടെ ചോദ്യാവലിയില്‍ പുരുഷനായ കുടുംബനാഥന്റെ വരുമാനവും വീടിന്റെയും വസ്തുക്കളുടെയും തെറ്റായ വിവരങ്ങള്‍ സ്വാഭാവികമായും കടന്നുകൂടിയതാണ് അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടാന്‍ കാരണമായത്.
യഥാര്‍ത്ഥ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ പുറത്തായതും പുതുക്കല്‍ ഫോറത്തിലെ അപാകതകളാണ്. കാര്‍ഡുടമ വനിതകള്‍ ആയതോടെ ശരിയായ വസ്തുതകള്‍ മറച്ചുവെക്കപ്പെട്ടതാണ് ലിസ്റ്റില്‍ ഇത്തരക്കാര്‍ കടന്നുകൂടിയത്. നിലവിലെ കരടുപട്ടികയില്‍ ഇടംനേടിയിട്ടുള്ള അനര്‍ഹരെ പൊതുജനങ്ങള്‍ ചൂണ്ടികാട്ടിയാല്‍ പരാതിക്കടിസ്ഥാനമാക്കി അനര്‍ഹരെ നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊച്ചി സിറ്റിയില്‍ മുന്‍ഗണന ലിസ്റ്റില്‍ വരാന്‍ അപേക്ഷ നല്‍കിയവര്‍ 893 പേര്‍. താലൂക്ക് കേന്ദ്രത്തില്‍ അപേക്ഷകര്‍ 4500. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മുന്‍ഗണന ലിസ്റ്റില്‍ കയറിപ്പറ്റാന്‍ നഗരസഭ പരിധിയില്‍ അപേക്ഷകര്‍ കുറവ്. മുന്‍ഗണന ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ 893 പേര്‍ മാത്രമാണ് കൊച്ചി സിറ്റി റേഷനിങ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. അതേസമയം ഗ്രാമ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന താലൂക്ക് സപ്‌ളൈ ഓഫീസില്‍ 4500 ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
കൊച്ചി സിറ്റി റേഷനിംഗ് ഓഫീസും കൊച്ചി താലൂക്ക് സപ്‌ളൈ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.അതിനാല്‍ തന്നെ തിരക്കും അനുഭവപ്പെടുന്നുണ്ട്. തെറ്റ് തിരുത്തുന്നതിനും ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നതിനുമായി മൂവാറ്റുപുഴ സപ്ലൈ ഓഫീസിലും തദേശ ഓഫീസുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. നിലിവല്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയത് നിര്‍ധനരായ നൂറുകണക്കിന് പേരാണ് മേഖലയില്‍ ഒഴിവാക്കപ്പെട്ടത്. സര്‍ക്കാര്‍ ജോലിക്കാരുളള ഇരുനൂറോളം കുടുംബങ്ങളും മേഖലയില്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."