കിണറ്റില്‍ വെള്ളമുണ്ട്; പക്ഷേ... കുടിക്കാനൊരുതുള്ളിയില്ല
കോട്ടയം: കിണറ്റില്‍ വെള്ളമുണ്ടായിട്ടും കുടിവെള്ളത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് വടവാതൂരുകാര്‍. ഇത്തരത്തില്‍ നാട്ടുകാര്‍ ബുദ്ധിമുട്ടിമ്പോഴും നടപടി സ്വീകരിക്കാതെ ജില്ലാപഞ്ചായത്ത്.
വടവാതൂരിലെ നിരവധി കുടുംബങ്ങളാണ് വെള്ളമുണ്ടായിട്ടും അവ ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്.
സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപമുള്ള നിവാസികളുടെ കുടിവെള്ളമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുമ്പോഴും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.ഹൈസ്‌കൂളിലെ കക്കൂസ് മാലിന്യം നിറഞ്ഞ കുഴിയിലെ വെള്ളം സമീപവാസികളായ ഇരുപതിലധികം കുടുംബങ്ങളുടെ കിണറുകളിലേയ്ക്ക് ഒഴുകിയെത്തുന്നതാണ് കുടിവെള്ളം മുടങ്ങാന്‍കാരണം.
സ്‌കൂള്‍ വളപ്പിലെ ഉപയോഗശ്യൂനമായ കിണറ്റിലേക്കാണ് കക്കൂസിന്റെ ഓവുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതിന് സമീപത്തായി ഒരു വര്‍ഷം മുന്‍പ് മഴവെള്ള സംഭരണി സ്ഥാപിച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇവിടെ വെള്ളം നിറയുന്നതോടെ കക്കൂസ് കുഴിയിലും വെള്ളം നിറഞ്ഞ് സമീപത്തെ കിണറുകളിലേയ്ക്ക് ഒഴുകുകയാണ്.
ഇത് സംബന്ധിച്ച് നിരവധി തവണ പരിസരവാസികള്‍ കലക്ടര്‍ക്കും, ആര്‍.ഡി.ഒയ്ക്കും,ജില്ലാ പഞ്ചായത്തിലും വിജയപുരം ഗ്രാമപഞ്ചായത്തിലും പരാതി നല്കിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല.
കിണറുകളിലെ വെള്ളത്തിന് നിറ വ്യത്യാസവും ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പകര്‍വ്യാധികള്‍ക്ക് കാരണമായേക്കാവുന്ന ഇ കോളിന്റെ അളവ് 2400ത്തിലധികമാണെന്ന് കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് സ്‌കൂള്‍ അധിക്യതരും ജില്ലാ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയായിട്ടില്ല.
കഴിഞ്ഞ ആഴ്ച 5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അധിക്യതര്‍ വാക്കാല്‍ പറയുന്നുണ്ടെങ്കിലും സ്‌കൂളിന് ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയില്ലയെന്ന് ഹെഡ്മിസ്ട്രസ് ഉഷാ കുമാരിയും പി.ടി.എ പ്രസിഡന്റ് ടി സദാനന്ദനും പറഞ്ഞു. പണം ലഭ്യമായാല്‍ ഉടനടി സെപ്റ്റിക്ടാങ്ക് പണിത് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അറിയിച്ചു.
അടിയന്തിരമായി നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അതുവരെ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു.
പ്രശ്‌ന പരിഹാരത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ മനുഷാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."