സര്‍ക്കാര്‍ സ്കൂളുകളിലെ താല്‍ക്കാലിക പ്ലസ്ടു അധ്യാപകര്‍ക്ക് ശമ്പളമില്ല
കണ്ണൂര്‍: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ദിവസവേതനക്കാരായ അധ്യാപകര്‍ ശമ്പളമില്ലാതെ ദുരിതത്തില്‍. 2014-15 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ദിവസവേതനക്കാരായി നിയമിച്ച അധ്യാപകരാണു കഴിഞ്ഞ മൂന്നുമാസമായി ശമ്പളമില്ലാതെ ജോലിചെയ്യുന്നത്.
2014-15 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 64 സ്കൂളുകളിലാണു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് അനുവദിച്ചത്. കോഴ്സുകള്‍ക്കും ബാച്ചുകള്‍ക്കും അംഗീകാരം ലഭിക്കാന്‍ കാലതാമസം വന്നതു മൂലം 2015 സെപ്റ്റംബര്‍ മുതലാണ് ഈ സ്കൂളുകളിലെ അധ്യാപകര്‍ക്കു ശമ്പളം ലഭിക്കാന്‍ തുടങ്ങിയത്. 2016 ജൂലൈ 29നു ദിവസവേതനക്കാരുടെ വേതനം സ്പാര്‍ക്ക് സംവിധാനം വഴിയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടതോടെ ഇവരുടെ ശമ്പളവിതരണവും മുടങ്ങി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു ശമ്പളം അനുവദിക്കുന്നതിനു പ്രത്യക സ്പാര്‍ക്ക് യൂസര്‍ ഐ.ഡി വേണം. പുതുതായി അനുവദിച്ച സ്കൂളില്‍ നിലവില്‍ ഒരിടത്തും സ്ഥിരം അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ ഇല്ല. എല്ലാ സ്കൂളുകളിലും ദിവസവേതനക്കാരാണു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഹയര്‍സെക്കന്‍ഡറിക്കു പ്രത്യേകമായ സ്പാര്‍ക്ക് യൂസര്‍ ഐ.ഡി ലഭിക്കാതെയുമായി. പ്രശ്നം അധികാരികളെ പലതവണ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ജൂനിയര്‍ അധ്യാപകര്‍ക്കു 1,075 രൂപയും സീനിയര്‍ അധ്യാപകര്‍ക്കു 1,300 രൂപയുമാണു പ്രതിദിന വേതനം ലഭിക്കേണ്ടത്. എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്കു ശമ്പളം നല്കാന് തീരുമാനിച്ചപ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന ഗസ്റ്റ് അധ്യാപകരുടെ കാര്യത്തില്‍ യാതൊരു പരാമര്‍ശവും എവിടെയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."