കണ്ണൂരില്‍ ബൈക്കപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു
കണ്ണൂര്‍: ജില്ലയിലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മട്ടന്നൂര്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി സിദ്ധാര്‍ഥ് (19), തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ ഓലിയന്റകത്ത് അബ്ദുറഹിമാന് (33) എന്നിവരാണ് മരിച്ചത്.
ചാലോട് മൂലക്കരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് സിദ്ധാര്‍ഥ് മരിച്ചത്. മട്ടന്നൂരില്‍ മല്‍സ്യമാര്‍ക്കറ്റ് നടത്തുന്ന വായാന്തോട്ടെ ജാനകിറാമില് എന്‍. സജീവന്-സ്മിത ദമ്പതികളുടെ മകനാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
മൈസൂര്‍ അമൃത കോളജില്‍ ബി.ടെക് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് ബൈക്കില്‍ കണ്ണൂരിലേക്ക് പോകുന്നതിനിടെ ചാലോട് മൂലക്കരി പെട്രോള്‍പമ്പിന് സമീപം ചെങ്കല്‍ കയറ്റാന്‍ ഇരിക്കൂറിലേക്ക് പോകുകയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സിദ്ധാര്‍ഥിനെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്നു ചാലോട് കണ്ണൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരില്‍നിന്ന് പൊലിസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ഥ് നാട്ടിലെത്തിയത്.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം സ്കൂളില്‍ പഠിക്കുന്ന ശ്രീലക്ഷ്മി ഏക സഹോദരിയാണ്.
ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗലാപുരം ആശുപത്രിയിലായിരുന്ന തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ ഓലിയന്റകത്ത് അബ്ദുറഹിമാന് (33) ആണ് മരിച്ച മറ്റൊരാള്‍. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ചിതപ്പിലെ പൊയിലിന് സമീപത്തായിരുന്നു അപകടം.
ഇന്ത്യന്‍ മെഡിക്കല്‍ അസോ.വാഹനഡ്രൈവറാണ് അബ്ദുറഹിമാന്. രക്തംവാര്‍ന്ന് റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന അബ്ദുറഹിമാനെ ഇതുവഴി വന്നരാണ് ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ ഇയാളെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ഫര്‍സീനയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഫ്നാസ് (മൂന്നാംതരം), ആയിഷാബി (എല്‍.കെ.ജി, ഇരുവരും തിരുവട്ടൂര്‍ യു.പി സ്കൂള്‍.) പിതാവ്: ഇല്ലത്തുവളപ്പില്‍ ഹസന് കുഞ്ഞി. മാതാവ്: റാബിയ. സഹോദരങ്ങള്‍: ബുഷ്റ, താജുദീന്, അബ്ദുള്‍ റൗഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."