യു.എ.പി.എ: മലയാളി യുവാവ് മൂന്നു മാസമായി മുംബൈ ജയിലില്‍
കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട മലയാളി യുവാവ് മുംബൈ ജയിലിലായിട്ട് മൂന്നു മാസം. വയനാട് ജില്ലയിലെ കമ്പളക്കാട് സ്വദേശി തുട്ടിമ്മല്‍ പരേതനായ ഹംസയുടെ മകന്‍ ഹനീഫ (26)യാണ് മുംബൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര സലഫി മസ്ജിദില്‍ ഖത്തീബായി ജോലി ചെയ്യുന്നതിനിടെയാണ് കേരള പൊലിസ് ഇയാളെ അറസ്റ്റുചെയ്തത്. കണ്ണൂരില്‍ രണ്ടു ദിവസം ചോദ്യം ചെയ്തശേഷം മുംബൈ പൊലിസിനു കൈമാറുകയായിരുന്നു.
ഇദ്ദേഹം മുന്‍പ് ജോലി ചെയ്തിരുന്ന കാസര്‍കോട് ജില്ലയിലെ പടന്നയില്‍ നിന്നും കാണാതായ യുവാവിന്റെ പിതാവ് മജീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.
തന്റെ മകന്‍ തീവ്രആശയത്തിലേക്ക് ആകൃഷ്ടമാകാന്‍ കാരണം ഹനീഫയാണെന്നാണ് മജീദ് മുംബൈ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മജീദ് മുംബൈയില്‍ കച്ചവടം നടത്തുന്ന വ്യക്തിയാണ്. മുംബൈ പൊലിസിന്റെ നിര്‍ദേശാനുസരണം കേരളാ പൊലിസാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.
മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പ്രഭാഷകനായ ഷംസുദ്ദീന്‍ ഫരീദിനെതിരേ യു.എ.പി.എ ചുമത്തിയതില്‍ ശക്തമായ പ്രതികരണങ്ങളും നിയമസഭയില്‍ ഉള്‍പടെ പ്രതിഷേധവും ഉയര്‍ന്നിട്ടും ഹനീഫയുടെ വിഷയത്തില്‍ ഇതുവരെ ആരും ഇടപ്പെട്ടിട്ടില്ലെന്ന് സഹോദരന്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഇദ്ദേഹത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിന് കുടുംബം തന്നെയാണ് നേതൃത്വം നല്‍കുന്നത്. ബന്ധുക്കള്‍ ഇദ്ദേഹത്തെ മുംബൈയിലെ ജയിലില്‍ രണ്ടു തവണ സന്ദര്‍ശിക്കുകയും അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ പള്ളിയിലെ ഖത്തീബായിരിക്കെയാണ് അറസ്റ്റുണ്ടായതെങ്കിലും ഇദ്ദേഹത്തിനു ഒരു വിധത്തിലുള്ള സഹായവും സംഘടന നല്‍കിയിട്ടില്ല.
യു.എ.പി.എ ചുമത്തിയ കേസായിരുന്നിട്ടുകൂടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഹനീഫയുടെ സഹായത്തിനുവേണ്ടി വന്നിട്ടില്ല. ഷംസുദ്ദീന്‍ ഫരീദിനെതിരേ യു.എ.പി.എ ചുമത്തിയതില്‍ മുറവിളി ഉയരുമ്പോഴും ഹനീഫക്കെതിരേ യു.എ.പി.എ ചുമത്തിയ കാരണം പോലും വ്യക്തമല്ല. വിവാഹിതനായ ഹനീഫയുടെ ഭാര്യ ഗര്‍ഭിണിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."