ജി.എസ്.ടി സാധാരണക്കാരന് ദോഷകരമാകാതെ നടപ്പിലാക്കണം: തോമസ് ഐസക്
ആലപ്പുഴ: ചരക്കുസേവന നികുതി നടപ്പാക്കുമ്പോള്‍ സാധാരണക്കാരന് ദോഷകരമാകാത്ത വിധത്തിലായിരിക്കണം നടപ്പാക്കേണ്ടതെന്ന് മന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി.യിലൂടെ പിരിച്ചെടുക്കുന്ന നികുതി കേന്ദ്രം കുത്തകയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവശ്യസാധനങ്ങളുടെ വില നിലവിലുള്ളതിനെക്കാള്‍ വര്‍ധിക്കാത്ത തരത്തിലായിരിക്കണം പുതിയ നികുതി സംവിധാനം. ആഡംബരവസ്തുക്കളുടെ നികുതി കുറയ്ക്കുന്നത് സാധാരണക്കാരന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി ഉയരാനിടയാക്കും. ഏറ്റവും ഉയര്‍ന്ന നിരക്ക് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസ് നിലപാട് അസംബന്ധമാണ്. ഇതനുസരിച്ച് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക് ആറില്‍ നിന്ന് 12 ശതമാനം ആയി ഉയര്‍ത്തേണ്ടിവരും. ഇത് അവശ്യസാധനങ്ങളുടെ വില ഉയരാനിടയാക്കും. ഇക്കണോമിക് കമ്മിഷന്‍ നിശ്ചയിച്ച 12 ശതമാനം എന്ന ഏകീകൃത നിരക്ക് അറുപിന്തിരിപ്പനാണ്. ഉയര്‍ന്ന നിരക്ക് 24 ശതമാനം ആയിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിലവിലെ പരോക്ഷ നികുതി ഉപഭോക്താവിനെയാണ് ദോഷകരമായി ബാധിക്കുന്നത്. നികുതി നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിക്കില്ല. ഉല്‍പ്പന്നങ്ങളുടെ പരമാവധി വില്‍പന വിലയില്‍ കമ്പനികള്‍ കുറവു വരുത്താറില്ല. റബര്‍ വില കുറഞ്ഞിട്ടും ടയര്‍ വില കുറയാത്തത് ഇതിന് ഉദാഹരണമാണ്. ഒന്നര കോടിയില്‍ താഴെ വിറ്റുവരവുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി സംസ്ഥാനത്തിന് ലഭിക്കണം. ഇതുസംബന്ധിച്ച തര്‍ക്കം തുടരുകയാണ്. നഷ്ടപരിഹാരം സംസ്ഥാന വിഹിതത്തില്‍നിന്ന് എടുക്കണമെന്ന നിലപാടും അംഗീകരിക്കാനാകില്ല. ആഡംബര നികുതി കുറച്ച് പുതിയ രൂപത്തില്‍ സെസ് ഏര്‍പ്പെടുത്താനാണ് നീക്കം. ഇക്കാര്യങ്ങളില്‍ തീരുമാനമായാലേ നികുതി നിയമം പാസാക്കാനാകൂ. ഇതിന് 75 ശതമാനം വോട്ട് ലഭിക്കണം. 19 സംസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. റമദയില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍ പുരം ശിവകുമാര്‍ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."