എം.വി.ഐയുടെ പരിശോധനക്കിടെ ദേശീയ പാതയില്‍ വാഹനങ്ങളുടെ കൂട്ടിയിടി
നെടുമ്പാശ്ശേരി: ദേശീയപാതയില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹന പരിശോധനക്കിടെ വാഹനങ്ങളുടെ കൂട്ടിയിടിയെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഒന്നിനു പിറകെ ഒന്നായി അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതേ തുടര്‍ന്ന് ഏതാനും യാത്രക്കാര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേട്പാട് സംഭവിക്കുകയും ചെയ്തു. ഇതോടെ പലരുടെയും യാത്രയും മുടങ്ങി.
അങ്കമാലി,ആലുവ ദേശീയ പാതയില്‍ കോട്ടായി പോസ്റ്റോഫിസ് കവലയില്‍ ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം.സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം പലരും തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആലുവ മോട്ടോര്‍ വാഹന വകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് രാവിലെ തന്നെ ദേശീയ പാതയില്‍ തനിയെ വാഹന പരിശോധനക്ക് എത്തിയത്. ഇദ്ദേഹത്തോടൊപ്പം ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധനക്കിടെ അങ്കമാലി ഭാഗത്ത് നിന്നും കള്ള് കയറ്റി വരികയായിരുന്ന വാഹനം പിടികൂടുന്നതിന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേശീയപാതയുടെ മധ്യഭാഗത്തേക്ക് കയറി നിന്ന് കൈകാണിച്ചതാണ് വിനയായത്.
അതിവേഗത്തില്‍ വരികയായിരുന്ന കള്ള് വണ്ടി വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ കണ്ട് ബ്രേക്കിട്ട ശേഷം ഇന്‍സ്‌പെക്ടര്‍ പിന്നിലേക്ക് മാറിയ ഉടനെ അതിവേഗത്തില്‍ മുന്നോട്ട്‌പൊയി. ഈ സമയം കള്ള് വണ്ടിക്ക് പിന്നില്‍ വരികയായിരുന്ന അഞ്ച് വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കുട്ടിയിടിക്കുകയായിരുന്നു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന കാറുകളാണ് അപകടത്തില്‍പ്പെട്ടത്. പലതിന്റെയും മുന്‍ ഭാഗത്തും, പിന്‍ഭാഗത്തും കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ക്കാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.
പൊടുന്നനെയുള്ള ബ്രെക്കിടലിനെ തുടര്‍ന്ന് യാത്രക്കാരുടെ തലയും മുഖവും സീറ്റിലും ഗ്ലാസിലും മറ്റും ഇടിച്ചാണ് പരുക്കേറ്റത്. ആര്‍ക്കും സാരമായ പരിക്കില്ല. ഇതോടെ തിരുവനന്തപുരം ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര പുറപ്പെട്ട പലരുടേയും യാത്ര വഴിയില്‍ മുടങ്ങി. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച സംഘത്തിനും യാത്ര തുടരാനാകാതെ മടങ്ങേണ്ടി വന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മുക്കാല്‍ മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അപകട പരമ്പരക്ക് വഴിവച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാക്രമത്തിനെതിരേ അപകടത്തിനിരയായവരും നാട്ടുകാരും പ്രതിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഹൈവെ പൊലീസും എത്തിയെങ്കിലും ഇവര്‍ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തിയത്.
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അത്താണി, ദേശം ഭാഗങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിച്ച ശേഷം ടാക്‌സി വാഹനങ്ങളിലാണ് പലരും മടങ്ങിയത്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അപകടത്തിനിരയായവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."