മലപ്പുറത്തേത് കൊല്ലത്തേതിന് സമാനമായ സ്‌ഫോടനം; മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ കണ്ടെടുത്തു
മലപ്പുറം: മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെടുത്ത പെട്ടിയില്‍ മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍. ദ ബേസ് മൂവ്‌മെന്റ് എന്ന തലക്കെട്ടിലാണ് ലഘുലേഖകള്‍. യുപിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം കോടതികള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും നാണക്കേടാണെന്ന് പറയുന്ന ലഘുലേഖ ഇംഗ്ലീഷിലാണ് അച്ചടിച്ചിരിക്കുന്നത്.നിങ്ങളുടെ സമയം എണ്ണപ്പെട്ടു എന്നും ലഘുലേഖ മുന്നറിപ്പ് നല്‍കുന്നു. ഇതിനോടൊപ്പം ഒരു പെന്‍ഡ്രൈവും ഉസാമ ബിന്‍ ലാദന്റെ ചിത്രവും കണ്ടെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ ചുമതല ഡിവൈ.എസ്.പി പ്രദീപ്കുമാറിനെ ഏല്‍പ്പിച്ചതായി ജില്ലാ പൊലിസ് മേധാവി ദബേഷ് കുമാര്‍ ബെഹ്‌റ പറഞ്ഞു. സ്‌ഫോടനസ്ഥലത്തുനിന്ന് പ്രഷര്‍കുക്കറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനസ്ഥലത്തുനിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവില്‍ എന്താണെന്ന് ഡി.വൈ.എസ്.പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം പരിശോധിച്ചുവരികയാണ്.
അതേസമയം കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായ അതേരീതിയിലാണ് മലപ്പുറത്തും സ്‌ഫോടനമുണ്ടായത്. കൊല്ലത്ത് സ്‌ഫോടനമുണ്ടായപ്പോള്‍ അവിടെ ജില്ലാ കലക്ടറായിരുന്ന എ ഷൈനാമോളാണ് ഇപ്പോള്‍ മലപ്പുറം കലക്ടര്‍. ഇതോടെ സംഭവത്തെ അതീവഗൗരവത്തോടെയാണ് പൊലിസ് നിരീക്ഷിക്കുന്നത്.
കൊല്ലത്ത് സ്റ്റീല്‍ പാത്രത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചശേഷം കലക്ടറേറ്റുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ വെക്കുകയും ഇത് പൊട്ടിത്തെറിക്കുകയുമായിരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ച അതേ ബാറ്ററിയാണ് കൊല്ലത്തെ സ്‌ഫോടനത്തിലും ഉപയോഗിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമ്മ എന്ന നിരോധിത സംഘടന ഏറ്റെടുത്തിരുന്നു. അല്‍ ഉമ്മയുടെ പുതിയ പേരാണ് ബേസ് മൂവ്‌മെന്റ്. കൊല്ലത്തേയും ചിറ്റൂരിലേയും സ്‌ഫോടനങ്ങളില്‍ സമാനതയുള്ളതിനാല്‍ കൊല്ലത്തെ സ്‌ഫോടനത്തിലും ബേസ് മൂവ്‌മെന്റിനെയാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."