പത്തനംതിട്ടയില്‍ പോളിങ് കുറഞ്ഞു; പോള്‍ ചെയ്തത് 65.87 ശതമാനം. കൂടുതല്‍ അടൂരില്‍
പത്തനംതിട്ട: മഴ മാറിനിന്ന പകലില്‍ ജില്ലയില്‍ പോള്‍ ചെയ്തത് 65.87 ശതമാനം വോട്ടുകള്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 892 പോളിംഗ് ബൂത്തുകളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ്‌വരെ നടന്ന വോട്ടിംഗില്‍ പങ്കെടുത്തത് 10.25 ലക്ഷത്തോളം പേരാണ്. ഇതില്‍ 543163 പേര്‍ വനിതകളും 482009 പുരുഷന്മാരുമാണ്.
കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ഉച്ചയോടെ തന്നെ ഭൂരിഭാഗം പേരും സമ്മതിദായകാവകാശം വിനിയോഗിച്ചു. ജില്ലയിലെ പല ബൂത്തുകളിലും ഉച്ചക്ക് രണ്ടോടെ പോളിംഗ് നിരക്ക് അറുപതു ശതമാനവും അതിലധികവുമായി ഉയര്‍ന്നു. എന്നാല്‍ മറ്റ് ജില്ലകളിലെ അപേക്ഷിച്ച് പോളിംഗ് നിരക്കില്‍ ഏറ്റവും പിന്നിലാണ് പത്തനംതിട്ട. 2011ല്‍ 68.22% ആയിരുന്നു പോളിംഗ് ശതമാനം.
2.35 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോളിംഗ് നിരക്കുയര്‍ത്താന്‍ ജില്ലാ ഭണരകൂടം നറുക്കെടുപ്പടക്കമുള്ള വിപുലമായ പരിപാടികള്‍ ജില്ലയില്‍ ആസൂത്രണം ചെയ്തിരുന്നു. ഇത് ഫലവത്തായെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ് നടന്നത്, 74.31%. ആറന്മുളയില്‍ 70.48% ഉം റാന്നിയില്‍ 70.57% ഉം കോന്നിയില്‍ 72.5% ഉം തിരുവല്ലയില്‍ 69.48%ഉം രേഖപ്പെടുത്തി.
ജില്ലയില്‍ വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടന്നു. ആറന്മുള മണ്ഡലത്തിലെ മുണ്ടുകോട്ടക്കല്‍ ബൂത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ ചിഹ്നമടങ്ങിയ ബാഡ്ജ് ചില പ്രവര്‍ത്തകര്‍ ധരിച്ചെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ബാഡ്ജ് ധരിച്ചെത്തിയവരെ യുഡിഎഫ് അനുകൂലികള്‍ തടഞ്ഞത് നേരിയ തോതിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമായി. തുടര്‍ന്ന് പൊലിസെത്തി രംഗം ശാന്തമാക്കി. ചില ബൂത്തുകളില്‍ വോട്ടങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറുകള്‍ വോട്ടെടുപ്പ് തടസപ്പെടുത്തി. പലയിടത്തും സാങ്കേതിക വിദഗ്ധര്‍ എത്തി പരിഹിച്ചു.
എന്നാല്‍ ഒന്നിലേറെ തവണ പ്രവര്‍ത്തനം തടസപ്പെട്ട ബൂത്തുകളില്‍ യന്ത്രം മാറ്റിവയ്‌ക്കേണ്ടിവന്നു. ഏതാനും മണ്ഡലങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി പകരം ആളെ നിയമിക്കേണ്ടതായും വന്നു. വൃദ്ധ വോട്ടര്‍മാര്‍ക്ക് സഹായമായി ഡോളി സംവിധാനവും പല മണ്ഡലങ്ങളിലും ഏര്‍പ്പെടുത്തി. കോന്നി മണ്ഡലത്തിലെ ചിറ്റാര്‍ നീലിപിലാവ്, ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട മുണ്ടുകോട്ടക്കല്‍, നാരങ്ങാനം, റാന്നി മണ്ഡലത്തിലെ പേഴുംപാറ, കുമ്പളാംപൊയ്ക എന്നവിടങ്ങളിലാണ് പ്രധാനമായും ഡോളി സൗകര്യം ഏര്‍പ്പെടുത്തിയത്.
ശബരിമലയില്‍ മാസപൂജക്കെത്തിച്ച ഡോളികളാണ് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മണ്ഡലങ്ങളില്‍ എത്തിച്ചത്. തമിഴ്‌നാട് അയ്യപ്പന്‍കോവില്‍ സ്വദേശികളായ തൊഴിലാളികളാണ് ഡോളി ചുമന്നത്. നാരങ്ങാനത്തെ ബൂത്തിലെത്തിയ ഡോളി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാഞ്ഞത് പരാതിക്കിടയാക്കിയിരുന്നു. ജില്ലയിലെ ഹരിത ബൂത്തുകളും ശ്രദ്ധേയമായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ 72.05 ഉം തിരുവല്ലയില്‍ 65.38 ഉം റാന്നിയില്‍ 68.53 ഉം ആറന്മുളയില്‍ 65.81 ഉം അടൂരില്‍ 69.76 ഉം ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 66.02 ശതമാനമായിരുന്നു പോളിംഗ്. തിരുവല്ല-63.38%, റാന്നി-64.12%, ആറന്മുള-64.91%, കോന്നി-68.12%, അടൂര്‍-68.14% എന്നിങ്ങനെയായിരുന്നു പോളിംഗ് നിരക്ക്. അതേസമയം 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ശതമാനം 72.8 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."