കോട്ടപ്പുറം-അച്ചാംതുരുത്തി പാലം പണി ഇഴഞ്ഞു നീങ്ങുന്നു
നീലേശ്വരം: നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോട്ടപ്പുറം - അച്ചാംതുരുത്തി പാലം പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഡിസംബറില്‍ പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പാലത്തിന്റെ പ്രധാന സ്പാനുകളുടെ പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
മാസങ്ങള്‍ക്കു മുന്‍പു പണി വിലയിരുത്താനെത്തിയ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ രവീന്ദ്രനും കഴിഞ്ഞ മാസം സ്ഥലം എം.എല്‍.എ എം രാജഗോപാലും പാലം ഡിസംബറില്‍ തുറന്നുകൊടുക്കുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ പണി ഇഴഞ്ഞു നീങ്ങുന്നതിനാല്‍ പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. എസ്റ്റിമേറ്റു തുക വര്‍ധിപ്പിക്കണമെന്ന കരാറുകാരന്റെ ആവശ്യം നിറവേറാത്തതാണു പണിയുടെ മെല്ലെപ്പോക്കിനു കാരണമായി പറയപ്പെടുന്നത്.
കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത കരാര്‍ സ്വകാര്യ വ്യക്തിക്കു കൈമാറുകയായിരുന്നു. പാലം പണി അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചു നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്താണു അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് പാലത്തിനു തറക്കല്ലിട്ടത്. മൂന്നുവര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അന്നു നല്‍കിയ വാഗ്ദാനം. മലബാര്‍ പാക്കേജിലുള്‍പ്പെടുത്തിയ പാലത്തിനു 22 കോടി രൂപയാണ് എസ്റ്റിമേറ്റ്. 2010 നവംബറിലാണു നിര്‍മാണം ആരംഭിച്ചത്.
ജില്ലയില്‍ തന്നെ നിര്‍മാണം തുടങ്ങി പണി പൂര്‍ത്തിയാകാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത പാലമെന്ന ഖ്യാതിയും ഇതിനു തന്നെയാണ്. അതിനു ശേഷം പണി തുടങ്ങിയ പാലങ്ങളെല്ലാം ഇതിനകം ഗതാഗതത്തിനു തുറന്നുകൊടുത്തു.
നിലവിലുള്ള മരപ്പാലം ദ്രവിച്ചു വരുന്ന സാഹചര്യത്തില്‍ കടുത്ത പ്രയാസമാണു കോട്ടപ്പുറം, അച്ചാംതുരുത്തി നിവാസികള്‍ അനുഭവിക്കുന്നത്. പാലം യഥാര്‍ഥ്യമായാല്‍ നീലേശ്വരത്തു നിന്നു പയ്യന്നൂരിലേക്കുള്ള ദൂരം 11 കിലോമീറ്റര്‍ കുറയും. ദേശീയപാതയില്‍ അവശേഷിക്കുന്ന പള്ളിക്കര മേല്‍പാലം പണിക്കും കാര്യങ്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ സമയത്തും ആവശ്യമായി വന്നാല്‍ ബൈപ്പാസായി ഉപയോഗിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."