കരിമ്പം ഫാമില്‍ ആധുനിക വില്‍പ്പന കൗണ്ടര്‍
തളിപ്പറമ്പ്: കരിമ്പം ഫാമില്‍ ആധുനികവത്കരിച്ച വില്‍പ്പന കൗണ്ടര്‍ നിര്‍മാണം പൂര്‍ത്തിയായി. ഗ്രീന്‍ ഹൗസിനോടു ചേര്‍ന്ന പഴയ കൗണ്ടറിനു മുന്നിലായാണ് പുതിയതു പണിതത്. ദിവസേന പതിനായിരത്തിനും ഇരുപതിനായിരത്തിനും രൂപയ്ക്കിടയില്‍ കച്ചവടം നടക്കുന്ന കൗണ്ടര്‍ സ്ഥലപരിമിതിയും കാലപ്പഴക്കവും കൊണ്ടാണ് മാറ്റാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപ ചിലവിട്ടാണ് കൗണ്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈദ്യുതീകരണവും കംപ്യൂട്ടര്‍ വത്കരണവും ഉടന്‍ പൂര്‍ത്തീകരിക്കും. പുതിയ കൗണ്ടര്‍ നിലവില്‍ വരുന്നതോടെ കരിമ്പം ഫാമിലെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കൗണ്ടറില്‍ നിന്നുതന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാകും.
നിരവധി കര്‍ഷകരും വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും സന്ദര്‍ശനത്തിനെത്തുന്ന കരിമ്പം ഫാം പുരോഗതിയുടെ പാതയിലാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഫാം റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്‌തെങ്കിലും ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുകയോ സന്ദര്‍ശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവിടെയുള്ള രണ്ടു മുറികള്‍ വാടകയ്ക്ക് നല്‍കാനും മാമ്പഴ മ്യൂസിയം തുടങ്ങാനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ കരിമ്പം ഫാമിന്റെ മുഖച്ഛായ തന്നെ മാറുന്ന രീതിയില്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് കൃഷി ഓഫിസര്‍ ജീവന്‍ രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."