നിലമ്പൂര്‍ കള്ളുഷാപ്പ് വീണ്ടും തുറക്കാന്‍ നീക്കം
നിലമ്പൂര്‍: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ നിലമ്പൂര്‍ കള്ളുഷാപ്പ് തുറക്കുന്നതിന് അതിര്‍ത്തി പുനര്‍നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ അണിയറയില്‍ സജീവം. കഴിഞ്ഞ ജൂണ്‍ 13ന് നിലമ്പൂര്‍ നഗരസഭയിലെ രണ്ട് കള്ളുഷാപ്പുകളാണ് ലേലം കൊണ്ടത്. നിലമ്പൂര്‍ ഷാപ്പ് 80,700 രൂപയ്ക്കും മുതുകാട് ഷാപ്പ് 24,300 രൂപയ്ക്കും ചെമ്പ്രശേരി വേരേങ്ങല്‍ വീട്ടില്‍ ബാബുരാജന്‍ ലേലത്തില്‍ പിടിച്ചിരുന്നു. രാമംകുത്ത് ഷാപ്പിന് ലൈസന്‍സ് അനുവദിച്ചുവെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനായില്ല. എന്നാല്‍ സൗകര്യപ്പെട്ട സ്ഥലങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നിലമ്പൂര്‍ റെയ്ഞ്ചിലെ നിര്‍ത്തലാക്കിയ അരുവാക്കോട് കള്ളുഷാപ്പിന്റെ അതിരുകള്‍ നിലമ്പൂര്‍ ഷാപ്പിനോട് കൂട്ടിച്ചേര്‍ക്കുവാന്‍ ഷാപ്പ് ലേലത്തില്‍ പിടിച്ച ആള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.
അതിരുകള്‍ പുനര്‍നിശ്ചയിച്ചു നല്‍കണമെങ്കില്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വേണമെന്നാണ് ചട്ടം. ഇതിനായി അണിയറയില്‍ നീക്കം ആരംഭിച്ചതായാണ് സൂചന. നിലവില്‍ നിലമ്പൂര്‍ ഷാപ്പിന്റെ അതിര്‍ത്തി വടക്ക് ചാലിയാര്‍ പുഴയും കിഴക്ക് കരിമ്പുഴയും നിലമ്പൂര്‍ വില്ലേജ് അതിര്‍ത്തിയും തെക്ക് വീട്ടിക്കുത്ത് കളരിക്കുന്ന് വഴി മുക്കട്ട പോസ്റ്റ് ഓഫിസ് മുക്കട്ട കരുളായി റോഡും പടിഞ്ഞാറ് മൊടവണ്ണ കടവില്‍ നിന്നും കോവിലകത്തുമുറി വഴി വീട്ടിക്കുത്ത് തൃക്കൈക്കുത്ത് റോഡും ആണ്. നിര്‍ത്തലാക്കിയ അരുവാക്കോട് ഷാപ്പിന്റെ അതിര്‍ത്തിയായ വടക്ക് ചാലിയാര്‍ പുഴയും കിഴക്ക് മൊടവണ്ണ കടവില്‍ നിന്നും കോവിലകത്തുമുറി വഴി വീട്ടിക്കുത്ത് തൃക്കൈക്കുത്ത് റോഡും തെക്ക് കുതിരപ്പുഴയും പടിഞ്ഞാറ് ചാലിയാര്‍ പുഴയുടെയും അതിരുകള്‍ നിലമ്പൂര്‍ ഷാപ്പിനോട് ചേര്‍ക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.
ഇത് പരിഗണിക്കാവുന്നതാണെന്ന് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏത് ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടത്തിയാലും പൂട്ടിയ കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. മുതുകാട് കള്ളുഷാപ്പിനെതിരേ ജനകീയ സമിതി നടത്തിയ സമരം ഫലം കണ്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അടച്ചു പൂട്ടിയ നിലമ്പൂരിലെ കള്ളുഷാപ്പ് തുറക്കാന്‍ രഹസ്യ നീക്കം നടത്തുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."