പക്ഷിപ്പനി: താറാവ് നീക്കത്തിന് നിയന്ത്രിത ഇളവ്
സ്വന്തം ലേഖകന്‍
ആലപ്പുഴ: താറാവുകളെ കൊണ്ടു പോകാനുള്ള നിയന്ത്രണത്തിന് നിയന്ത്രിത ഇളവ് നല്‍കാന്‍ തീരുമാനം. കര്‍ഷകരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് താറാവ് നീക്കത്തിന് ചെറിയ ഇളവുകള്‍ നല്‍കാന്‍ മൃഗസംരക്ഷണ മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍, നിബന്ധനകളോടെയാണ് റാതാവ് നീക്കത്തിന് ഇളവ് നല്‍കിയിട്ടുള്ളത്.
പക്ഷിപ്പനി ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയാല്‍ നിയന്ത്രണ വിധേയമായി താറാവുകളെ നീക്കാന്‍ അനുവദിക്കും. രോഗ ബാധയില്ലാത്ത താറാവുകളെ തൊട്ടടുത്ത പാടത്തേക്ക് തീറ്റയ്ക്കും മറ്റുമായി കൊണ്ടു പോകാനും അനുമതി നല്‍കും.
രോഗബാധയില്ല എന്ന വെറ്റിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റ് ഇതിനായി വേണം. താറാവ് കൂട്ടം ഇല്ലാത്തിടത്തേക്ക് മാത്രമേ കൊണ്ടു പോകാന്‍ അനുവദിക്കൂ. നിലവിലെ മാനദണ്ഡപ്രകാരം ഏതെങ്കിലും ഒരു ഭാഗത്ത് പക്ഷിപ്പനി കണ്ടെത്തിയാല്‍ അതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വരുന്ന പക്ഷികളെയെല്ലാം കൊല്ലണമെന്നുണ്ട്. ജില്ലയിലെ രോഗബാധയുടെ സ്ഥിതി പരിശോധിച്ചതില്‍ നിന്ന് ഏതെങ്കിലും താറാവിന് രോഗം കണ്ടെത്തിയാല്‍ അതുള്ള കൂട്ടത്തെ അപ്പാടെ സംസ്‌കരിച്ചാല്‍ മതിയെന്നും. ഒരു കിലോമീറ്റര്‍ ചുറ്റളവ് എന്ന മാനദണ്ഡത്തില്‍ കുറവ് വരുത്താവുന്നതാണെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തീരുമാനിച്ചു. പക്ഷിപ്പനി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള നിവാരണ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നതായും താറാവ് നീക്കം സംബന്ധിച്ച് നിയന്ത്രണങ്ങളില്‍ ചെറിയ തോതിലുള്ള ഇളവ് സര്‍ക്കാര്‍ വരുത്തുമെന്നും വന-മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു.
പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ബാധിത പ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.
നഷ്ടപ്പെട്ട താറാവുകളുടെ എണ്ണം കൃത്യമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി രേഖപ്പെടുത്തുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. സത്യരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഗോപകുമാര്‍, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇന്‍.എന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. ചമ്പക്കുളം, തകഴി, മുട്ടാര്‍, ചെറുതന എന്നിവിടങ്ങളിലെത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. മുട്ടാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍, പഞ്ചായത്തുമെമ്പര്‍ കെ ബൈജു, തകഴി പഞ്ചായത്തു പ്രസിഡന്റ് അംബികാ ഷിബു തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രി വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും മന്ത്രി സഭയുടെ മുന്‍പാകെ കാര്യങ്ങള്‍ അവതരിപ്പാക്കാമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്.
ജില്ലയില്‍ ഇന്നലെ വരെ 38,312 താറാവുകളെയാണ് രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊന്നൊടുക്കി സംസ്‌കരിച്ചത്. കേന്ദ്ര സംഘം ഇന്നലെയും പരിശോധന തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."