ഒരു മാസമായി പണിമുടക്കി ബി.എസ്.എന്‍.എല്‍; മറയൂരില്‍ ദേശീയ പാത ഉപരോധിച്ചു
മറയൂര്‍: ഒരൂ മാസത്തിലേറെയായുളള നെറ്റ് വര്‍ക്ക് തകരാറും മൂന്ന് ദിവസം തുടര്‍ച്ചയായി ബി.എസ്.എന്‍ എല്‍ മൊബൈല്‍ ഫോണുകള്‍ നിശ്ചലമായതും പരിഹരിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മൂന്നാര്‍ - ഉദുമല അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.
മറയൂരിലെ ഏക മൊബൈല്‍ ഇന്റര്‍ നെറ്റ് സേവന ദാതാക്കളാണ് ബി.എസ്.എന്‍ എല്‍. ഇന്റര്‍ നെറ്റ് സംവിധാനം തകരാറിലായതിനാല്‍ ബാങ്കിങ്ങ്, എ.ടി.എം എന്നിവയുടെ പ്രവര്‍ത്തനമടക്കം നിലച്ചു. റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനുള്ള അവസാന തിയതി ആയിരുന്നതും പ്രശ്നം രൂക്ഷമാക്കി. ഇതേക്കുറിച്ച് പരാതി നല്‍കാനെത്തിയ സഹായഗിരി ചര്‍ച്ച് വികാരിയടക്കമുള്ളവരോട് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ മോശമായി പെരുമാറിയതുമാണ് പ്രദേശവാസികള്‍ റോഡ് ഉപരോധത്തിലേക്ക് നീങ്ങാന്‍ കാരണം.
തിങ്കളാഴ്ച ഒന്‍പത് മണിയോടെയാണ് മൊബൈല്‍ നെറ്റ് വര്‍ക്കുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും പൂര്‍ണ്ണമായും നിശ്ചലമായത്. എക്സ്ചേഞ്ചിന്റെ ചാര്‍ജ്ജുണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരന് സബ് ഡിവിഷന് എഞ്ചിനിയര്‍ മയില്‍വാഹനനെ വിവരം ധരിപ്പിച്ചു. കണ്ട്രോള് കാര്‍ഡ് ഹൈവോള്‍ട്ടേജ് കാരണം തകരാറിലായതാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എറണാകുളത്ത് നിന്നൂം കണ്ട്രോള് കാര്‍ഡ് എത്തിച്ച് മണിക്കൂറുകള്‍ക്കകം പരിഹരിക്കാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
നന്നാക്കാന്‍ രണ്ടു ദിവസം വേണമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ മറയൂരില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെയുള്ള തലയാറിലും മൂന്നാറിലും നെറ്റ്വര്‍ക്ക് ഉണ്ടെന്ന് അറിഞ്ഞ് പ്രദേശവാസികള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ എക്സ്ചേഞ്ചിന് മുന്നില്‍ സമരം ചെയ്തു. മറയൂര്‍ പൊലിസ് നടത്തിയ ചര്‍ച്ചയില്‍ രാവിലെ ഏഴുമണിയോടെ നെറ്റ് വര്‍ക്ക് സംവിധാനം പുന:സ്ഥാപിക്കുമെന്ന് ഡിവിഷനല്‍ എഞ്ചിനിയര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞു.രാവിലെ ഒന്‍പത് മണിയായിട്ടും നെറ്റ് വര്‍ക്ക് സംവിധാനം പുന:സ്ഥാപിക്കപ്പെടാത്തതിനാല്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. ബി.എസ്.എന്‍.എല്‍ ഡിവിഷനല്‍ എഞ്ചിനിയര്‍ ബിന്ദു,സബ് ഡിവിഷന് എഞ്ചിനിയര്‍ പി.എം ജോഷി എന്നിവര്‍ മറയൂരിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി വീഴച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിനിടെ എറണാകുളത്ത് നിന്ന് എത്തിയ ജീവനക്കാര്‍ കണ്ട്രോള് കാര്‍ഡ് മാറ്റിസ്ഥാപിച്ച് നെറ്റ്വര്‍ക്ക് സംവിധാനം പുന:സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."