മാനന്തവാടിയില്‍ സി.പി.എം- സി.പി.ഐ സംഘര്‍ഷം എസ്.ഐ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്ക്
മാനന്തവാടി: നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ഭരണസമിതി വിവേചനം കാണിക്കുകയാണെന്നാരോപിച്ച് ഭരണകക്ഷിയായ സി.പി.ഐ മാനന്തവാടി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സി.പി.എം-സി.പി.ഐ സംഘര്‍ഷം. എസ്.ഐ ഉള്‍പെടെ 14 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തില്‍ ഇടതു കൈയുടെ എല്ല് പൊട്ടിയ മാനന്തവാടി പ്രിന്‍സിപ്പല്‍ എസ്.ഐ വിനോദ് വലിയാറ്റൂരിനെയും തലക്ക് ഗുരുതരമായി പരുക്കേറ്റ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കണിയാരം സ്വദേശി അജിത് വര്‍ഗീസിനെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. നഗരത്തിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഭരണ കക്ഷികളായ സി.പി.ഐയും സി.പി.എമ്മും രണ്ടു തട്ടിലായിരുന്നു. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ വഴിയോര കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ചതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് സി.പി.ഐ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ഇന്നലെ നഗരസഭാ ഓഫിസിലേക്ക് പ്രകടനവുമായെത്തിയ സി.പി.ഐ പ്രവര്‍ത്തകരെ ഇരുപതിലേറെ പേരടങ്ങുന്ന സി.പി.എം പ്രവര്‍ത്തകര്‍ വടികളുമായി നേരിടുകയായിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലിസിന് നേരെ ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലിസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. തുടര്‍ന്ന് എ.എസ്.പി ജി ജയദേവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. സി.പി.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതോടെയാണ് സി.പി.എം പ്രവര്‍ത്തകരും സംഘര്‍ഷസ്ഥലത്ത് നിന്നും പോയത്. സംഘര്‍ഷസമയത്ത് അല്‍പ്പനേരം ടൗണില്‍ ഗതാഗത തടസമുണ്ടായെങ്കിലും പൊലിസ് ഇടപെട്ട് ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തില്‍ എ.എസ്.ഐമാരായ ഇ.അബ്ദുല്ല, ഇ.വി മത്തായി, അബ്രഹാം, സി.പി.ഒ അര്‍ഷാദ് ബാബു, സി.പി.എം പ്രവര്‍ത്തകരായ അനില്‍കുമാര്‍, വൈശാഖ് മോഹന്‍, അഭിജിത്ത്, രാജേഷ്, സി.പി.ഐ നേതാക്കളായ എല്‍. സോമന്‍ നായര്‍, വി.കെ ശശിധരന്‍, പ്രവര്‍ത്തകരായ കെ.ബക്കാഷ്, അന്ത്രു എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലാ ആശുപത്രി, നഗരസഭ ഓഫിസ് പരിസരം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. എസ്.ഐയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."