വായ്പ നല്‍കിയ പണം തിരികെ ചോദിച്ചു: കാമുകനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
കൊല്ലം: വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതിലുള്ള പ്രതികാരമായി കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിനിയായ 18 കാരിയാണ് കൊല്ലത്ത് പീഡനത്തിനിരയായത്. കാമുകനടക്കം ഏഴുപേര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാമുകനെ കസ്റ്റഡിയിലെടുത്ത പൊലിസ് കൂട്ടാളികള്‍ക്കായി തിരച്ചിലാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച കൊല്ലം നഗരത്തിനു സമീപം കായല്‍വാരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
പാലക്കാട്ടെ വീടിനടുത്തുള്ള യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി തന്റെ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് പണം നല്‍കിയിരുന്നു. എന്നാല്‍ പണം പിന്നീട് തിരിച്ചു ചോദിച്ചതോടെയാണ് കാമുകന്‍ പെണ്‍കുട്ടിയുമായി പിണങ്ങിയത്. തുടര്‍ന്നുപ്രതികാര ബുദ്ധിയോടെ വീണ്ടും പെണ്‍കുട്ടിയെ സമീപിച്ച കാമുകന്‍ കൊല്ലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി കൊല്ലത്ത് എത്തിയെങ്കിലും കാമുകന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയില്ല.
ഇതിനിടെ കാമുകന്റെ ഒരു പെണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കായലോരത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവദിവസം പാലക്കാട് തങ്ങിയ കാമുകന്‍ രണ്ടുദിവസം കഴിഞ്ഞ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി.
മറ്റുള്ളവര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഷാഡോ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള പൊലിസ് സംഘം കൊല്ലത്ത് അന്വേഷണം നടത്തി.
കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 80 രൂപ കൊടുത്താണ് തന്നെ കൊണ്ടുപോയതെന്നും താന്‍ 120 രൂപ നല്‍കിയാണ് തിരിച്ചു വന്നതെന്നും പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം സ്ഥലത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് കൃത്യമായി വിവരം ഇല്ലാത്തതിനാല്‍ എവിടെവച്ചാണ് പീഡനം നടന്നതെന്നതാണ് പൊലിസ് അന്വേഷിക്കുന്നത്. കാമുകന്റെ പെണ്‍സുഹൃത്ത് ചവറ സ്വദേശിനിയാണെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."