കൊണ്ടോട്ടി നഗരസഭയില്‍ 15 കോടിയുടെ പദ്ധതിക്ക് അംഗീകാരം
കൊണ്ടോട്ടി: നഗരസഭയില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായി ആയിരം വീട് അടക്കം 15 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി നഗരസഭ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധനമന്ത്രി ആവാസ് യോജന, സ്‌നേഹലയം ഫ്‌ളാറ്റ്, 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും നല്‍കുന്ന വയോമിത്രം പദ്ധതി, നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്ക്മരുന്ന് ഉപയോഗവും തടയിടാന്‍ ടൗണില്‍ സി.സി.ടി.വി സ്ഥാപിക്കല്‍ തുടങ്ങിയവക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
കഷ്ടത അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നതിന് വേണ്ട പരിരക്ഷ പദ്ധതി, വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിന് ഉണര്‍വ് പദ്ധതി, വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും ഭാഷ പരിജ്ഞാനം ഉയര്‍ത്തുന്നതിന് വേണ്ടി മുന്‍സിപ്പല്‍ ശാസ്ത്ര കേന്ദ്രം, ഇംഗ്ലീഷ് ലാഗ്വേജ് ലാബ് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീക്കോട് കുടിവെളള പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്തുമെന്ന് ജലവകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.കെ സമദ്, മുഹമ്മദ് ഷാ മസ്റ്റര്‍, അഹമ്മദ് കബീര്‍, പി അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, ചുക്കാന്‍ ബിച്ചു, പുലാശ്ശേരി മുസ്തഫ, കെ.കെ അസ്മാബി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."