നാടുകാണിയില്‍ കുടിവെള്ളം ഒഴുകുന്നത് റോഡിലൂടെ ...!
ആലക്കോട്: തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ നാടുകാണി കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
മഴക്കാലത്ത് പോലും കുടിവെള്ളത്തിനായി ഏറെ ദുരിതമനുഭവിക്കുന്ന പ്രദേശത്താണ് വന്‍ തോതില്‍ വെള്ളം പാഴാകുന്നത്. കിന്‍ഫ്ര പാര്‍ക്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. എന്നാല്‍ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ കണ്ട മട്ടില്ല.
മഴവെള്ളം ഒഴുകിപ്പോകാനായി റോഡരികില്‍ നിര്‍മിച്ച ഓവുചാലുകള്‍ പൈപ്പ്‌പൊട്ടിയതോടെ നിറഞ്ഞൊഴുകുകയാണ്. കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച മെക്കാഡം ടാറിങ്ങിലൂടെ വെള്ളം കുത്തിയൊഴുകുന്നത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹരിക്കാമെന്ന പതിവു പല്ലവിയല്ലാതെ പരിഹാരം ഉണ്ടായിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന കാലത്ത് ജലത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരേ പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനും കാരണമാവുകയാണ്.
മുരളിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി
ആലക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശാന്തിപുരം ക്ഷീരസംഘം സെക്രട്ടറി കെ.ജി മുരളീധരന്റെ മരണത്തിന്റെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് ആക്ഷന്‍ കമ്മറ്റി രംഗത്തെത്തി. നിലവിലുള്ള ഭരണസമിതിയുടെ ഭീഷണിപ്പെടുത്തലുകളാണ് മുരളിയെ മരണത്തിലേക്ക് തള്ളി വിട്ടതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. കഴിഞ്ഞ 22 വര്‍ഷമായി ആലക്കോട് ശാന്തിപുരം ക്ഷീര സഹകരണ സംഘം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മുരളീധരന്റെ മൃതദേഹം ഒക്ടോബര്‍ 27 നാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മുരളിയെ മരിക്കുന്നതിന്റെ തലേദിവസം വരെ സംഘം ഓഫിസില്‍ വച്ച് ഭരണസമിതിയംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്നും മുരളിയുടെ മരണം വിജിലന്‍സ് അന്വേഷിക്കണമെന്നും നിലവിലുള്ള ഭരണ സമിതിയെ പിരിച്ചു വിട്ട് സംഘത്തില്‍ നടക്കുന്ന അഴിമതി അന്വേഷിക്കണമെന്നും ആവശ്യപെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കുമെനും ആക്ഷന്‍ കമ്മറ്റി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജോസഫ് പാലക്കാവുംകല്‍, വി.ടി ചെറിയാന്‍, ബാബു പറപ്പള്ളില്‍, പി.വി ബാലന്‍, വിശ്വംഭരന്‍ മുണ്ടിയാനി
എന്നിവര്‍ പങ്കെടുത്തു.
ഇതേസമയം സെക്രട്ടറിയുടെ മരണത്തില്‍ ഭരണസമിതിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സംഘം പ്രസിഡന്റ് ബിജു തോമസ് കച്ചിറയില്‍ രംഗത്തെത്തി. സംഘത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഡലക്ഷ്യമാണ് പുതിയ ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലീവ് കഴിഞ്ഞ് വീണ്ടും ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് മുരളി ആത്മഹത്യ ചെയ്യുന്നത്. മുരളിയുമായി വാക്കേറ്റമുണ്ടായെന്നു പറയുന്നത് പച്ചക്കള്ളമാണ്. മുരളിയുടെ ആത്മഹത്യ അങ്ങേയറ്റം വേദന ഉളവാക്കുന്നതാണെന്നും ഏതൊരു അന്വേഷണത്തേയും ആത്മാര്‍ഥമായി സ്വാഗതം ചെയ്യുമെന്നും ആലക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."