പുതിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈമാസം മുതല്‍ ശമ്പളം
തിരുവനന്തപുരം: ശമ്പളം ലഭിക്കാതിരുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. ഇതിനായി 70 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2014-15 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നില്ല.
2014-15 വര്‍ഷത്തില്‍ പുതിയ ബാച്ച് അനുവദിച്ചുകിട്ടിയ വിദ്യാലയങ്ങളില്‍ ആദ്യ രണ്ടുവര്‍ഷം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായിരുന്നു നിര്‍ദേശം. അതനുസരിച്ചാണ് സംസ്ഥാനത്തൊട്ടാകെ 3235 പേരെ നിയമിച്ചത്. എന്നാല്‍ അന്നാരംഭിച്ച രണ്ടു ബാച്ചുകള്‍ പുറത്തിറങ്ങാറായിട്ടും ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ശമ്പളം നല്‍കും.
എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന കാര്യം നയപരമായ പ്രശ്‌നമാണെന്നും സര്‍ക്കാര്‍ നയം രൂപീകരിച്ച ശേഷമെ അക്കാര്യം വ്യക്തമാക്കാനാകൂ എന്നും മന്ത്രി അറിയിച്ചു. എയ്ഡഡ് മേഖലയില്‍ കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം പ്രൊട്ടക്റ്റഡ് അധ്യാപക പുനര്‍വിന്യാസം പി.എസ്.സി നിയമനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ആശങ്കവേണ്ട. 3674 പ്രൊട്ടക്റ്റഡ് അധ്യാപകരായിരുന്നു ഉള്ളത്. ഇതില്‍ 2974 പേരെയും പുനര്‍വിന്യസിപ്പിച്ചു കഴിഞ്ഞു. അവര്‍ക്ക് ശമ്പളവും നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവുള്ളതിനാല്‍ പുനര്‍വിന്യാസ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 14ന് ഹൈക്കോടതിയില്‍ കേസ് പരിഗണനയില്‍ വരും. വിധി വന്നശേഷം പുനര്‍വിന്യാസ നടപടികള്‍ പുനരാരംഭിക്കും.
അധ്യാപകരെ പുനര്‍വിന്യസിപ്പിക്കുന്നത് പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലല്ല. നിലവിലുള്ള അധ്യാപകരെ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിക്കുമ്പോള്‍ വരുന്ന ഒഴിവുകളിലേക്കും പി.എസ്.സി ലിസ്റ്റ് ഇല്ലാത്തതുമായ പോസ്റ്റുകളിലേക്കുമാണ് സംരക്ഷിത അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഡപ്യൂട്ടേഷനില്‍ പോയവര്‍ തിരികെ വരുമ്പോള്‍ സംരക്ഷിത അധ്യാപകര്‍ ഒഴിഞ്ഞുകൊടുക്കേണ്ടി വരും. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ അധ്യാപക മേഖലയില്‍ തസ്തിക നിര്‍ണയം നടക്കാത്തതുമൂലം വലിയ പ്രശ്‌നങ്ങളാണ് നിലനിന്നത്. എന്നാല്‍ കഴിഞ്ഞ നാലര മാസം കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളിലെ തസ്തിക നിര്‍ണയം നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
2019 മാര്‍ച്ച് 31വരെ വി.എച്ച്.എസ്.സി അടക്കമുള്ള എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ കണക്ക് പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി ശേഖരിച്ചു കഴിഞ്ഞു. നിലവിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന പരാതി പരിഹരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് വിരമിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."