സോളാര്‍: കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേത് തന്നെയെന്ന് പ്രൈവറ്റ് സെക്രട്ടറിമാര്‍
കൊച്ചി : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്കിയ രണ്ടു ലക്ഷം രൂപയ്ക്ക് നന്ദിയറിയിച്ചുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേതു തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാര്‍.
കാല്‍നൂറ്റാണ്ടായി ഉമ്മന്‍ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആര് കെ ബാലകൃഷ്ണന്, ടി സുരേന്ദ്രന് എന്നിവരാണ് ഇക്കാര്യം സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ വ്യക്തമാക്കിയത്.
ടീം സോളറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തില്‍ 'ഡിയര്‍ ആര് ബി നായര്‍' എന്ന അഭിസംബോധനയിലെയും തീയതിയിലെയും കൈയക്ഷരവും കത്തിലെ ഒപ്പും ഉമ്മന്ചാണ്ടിയുടേതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോയെന്ന് കമ്മിഷന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒരു സംശയവുമില്ലെന്നായിരുന്നു ആര്.കെ ബാലകൃഷ്ണന്റെ മറുപടി. ഇതുതന്നെ സുരേന്ദ്രനും ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്ന നിവേദനങ്ങള്‍ താനാണ് കൈകാര്യം ചെയ്തിരുന്നതെന്നും മല്ലേലില്‍ ശ്രീധരന്നായരുടേതായി ഒരു നിവേദനം തനിക്ക് കിട്ടിയിട്ടില്ലെന്നും ബാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."