ആദ്യം 'മരിച്ചു', പിന്നെ ജീവിച്ചു
ള്ളിക്കല്‍ അലവിക്ക് എഴുപതാം വയസിലും മറക്കാനാകുന്നില്ല, 57 വര്‍ഷം മുന്‍പ് മരിച്ച മയ്യിത്തിനെപ്പോലെ ദിവസങ്ങളോളം വീട്ടില്‍കിടന്ന ആ രംഗം. ബന്ധുക്കള്‍ ചുറ്റും കൂടുന്നു. എല്ലാവരും പാമ്പുകടിയേറ്റ് മരിച്ച അലവിയെ കാണാന്‍ തിക്കിത്തിരക്കി. വന്നവരൊക്കെ മരിച്ചതായി സംശയം പ്രകടിപ്പിച്ചു. ചിലര്‍ മരണം ഉറപ്പാക്കി പള്ളിയില്‍ ഖബര്‍ കുഴിക്കാന്‍ കല്‍പ്പന കൊടുത്തു. മയ്യിത്ത് കുളിപ്പിക്കാനൊരുങ്ങി... എല്ലാം അലവി കേള്‍ക്കുന്നു. എല്ലാ ചലനങ്ങളും അറിയുന്നു. കണ്ണുതുറക്കാനും കൈകാലുകള്‍ ഇളക്കാനും ഉറക്കെയുറക്കെ ശബ്ദിക്കാനുമൊക്കെ ശ്രമിച്ചു. പക്ഷേ, ഒന്നിനും സാധിക്കുന്നില്ല. സദാസമയവും ദിക്ര്‍ ചൊല്ലി പ്രിയപ്പെട്ട ഉമ്മ അരികിലുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി അയല്‍വാസികൂടിയായ മയമികാക്ക മരണം ഉറപ്പാക്കി ഖബറടക്കത്തിനുള്ള ഒരുക്കം തുടങ്ങാനും കല്‍പ്പിച്ചു.
'ഇഞ്ഞും വെച്ചോണ്ടിരുന്നാല്‍ മണക്കും....' എന്നായിരുന്നു അവസാനവാക്ക്. പള്ളിപ്പറമ്പിലേക്കെടുക്കാന്‍ തുനിഞ്ഞ ആ പതിമൂന്നുകാരന്‍ ഇന്നും ജീവിച്ചിരിക്കുന്നു എഴുപതാമത്തെ വയസിലും ആരോഗ്യവാനായി. 57 വര്‍ഷം മുന്‍പായിരുന്നു ആ സംഭവമെന്ന് മലപ്പുറം ആനക്കയത്തിനടുത്ത പള്ളിക്കല്‍ അലവി ഓര്‍ക്കുന്നു. പക്ഷേ, എല്ലാവരും പറഞ്ഞപ്പോഴും ഉമ്മ മാത്രം മകന്‍ മരിച്ചതായി വിശ്വസിച്ചില്ല. പറഞ്ഞവരോടെല്ലാം ഉമ്മ പറഞ്ഞു. 'എന്റെ കുട്ടി മരിച്ചിട്ടില്ല, ഇഞ്ഞ് മണം തൊടങ്ങിയാ ഒരു കുജ്ജ് കുത്തി ഈ മണ്‍ചോര് തട്ടി ഞാനോനെ കുഴിച്ചിട്ടോളാം' എന്ന്. നിലമ്പൂരിലെ ആദിവാസിയുടെ പച്ച മരുന്നിലൂടെയാണ് 'മരിച്ച' അലവി ജീവിതത്തിലേക്കു പിച്ചവച്ചത്. കുറച്ചു ദിവസങ്ങളെടുത്തു ആ പുനര്‍ജന്മത്തിന്. ഇന്നും കാര്യമായ പ്രശ്‌നങ്ങളില്ലാതെ അദ്ദേഹം ജീവിക്കുന്നു. മയ്യിത്ത് മറവു ചെയ്യാന്‍ മുന്നില്‍ നിന്ന മയമികാക്ക പോലും ആ കഥ വിവരിക്കുമ്പോള്‍ അത്ഭുതം കൂറുന്നു.
പാമ്പു കടിയേറ്റുള്ള മരണങ്ങള്‍ ഇന്നും നമ്മില്‍ ഭീതി പരത്തുന്നു. ചികിത്സാ സംവിധാനങ്ങള്‍ ഏറെ മുന്നേറിയിട്ടും സംശയങ്ങളും ദുരൂഹതകളും കിംവദന്തികളും അതിനെ ചുറ്റിപ്പറ്റി തിടംവയ്ക്കുന്നു. തീര്‍ത്താലും തീരാത്ത സംശയങ്ങള്‍. നട്ടാല്‍ മുളയ്ക്കുന്ന കഥകള്‍ വേറെ. എന്നാലും ഇപ്പോഴും പാമ്പു കടിയേറ്റ ചിലരെ ജീവിതത്തിലേക്കു നടത്തുന്നത് പാരമ്പര്യ ചികിത്സാരീതികളാണ്. അതിനു സാക്ഷി പറയുകയാണ് ഈ ജീവിതങ്ങള്‍. 57 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അലവിയുടെ കഥ ഇതാണെങ്കില്‍ അടുത്ത കാലത്തും ഇത്തരത്തിലുള്ള മരണങ്ങളും പുനര്‍ ജീവിതങ്ങളും ഉണ്ടാകുന്നുണ്ട്.
തിരൂര്‍ പാലത്തിങ്ങല്‍ കരിങ്കല്ലത്താണിയിലെ ഇത്താച്ചുമ്മ ആദ്യം പാമ്പു കടിയേറ്റു മരിച്ചതായി വിധിയെഴുതി. ഖബറടക്കത്തിനുള്ള ഒരുക്കവും തുടങ്ങി. പിന്നെയും ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുവെന്ന ബന്ധുക്കളുടെ സംശയമാണവരെ ജീവിതത്തിലേക്കു തിരികെ നടത്തിയത്. ഒരു പാരമ്പര്യ ചികിത്സയായിരുന്നു അതിനും കാരണമായത്.
കോതമംഗലം തലക്കാട്ട് മുരളിങ്ങാട്ട് അറക്കല്‍ അലിയാരുടെ മകള്‍ പതിനെട്ടുകാരി ഷംനക്ക് പാമ്പുകടിയേറ്റത് 2002ലായിരുന്നു. ആദ്യം മരണം സ്ഥിരീകരിച്ചത് ഡോക്ടര്‍മാര്‍. പിന്നെ ജീവിതത്തിലേക്കു വഴിനടത്തിയത് വെങ്കിടങ്ങിലെ വിഷചികിത്സകാരി വിമലത്തമ്പുരാട്ടി. പാമ്പുകടിയേറ്റ് ഒന്‍പതു മാസം കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നടത്തിയിട്ടും ബോധം തെളിഞ്ഞില്ല സിയാംകണ്ടം തളിയില്‍ പുത്തലത്ത് സുബ്രഹ്മണ്യന്റെ മകന്‍ സൂരജിന്. 2003ലായിരുന്നു സംഭവം. എന്നാല്‍ 14 ദിവസത്തെ പാരമ്പര്യ ചികിത്സ കൊണ്ട് ബോധം തെളിഞ്ഞ് ജീവിതത്തിലേക്കു പുഞ്ചിരിയോടെ അവന്‍ തിരിച്ചുവന്നു.
തൃശൂര്‍ പാവറട്ടിയിലെ മരക്കാര്‍ മജീദിന്റെ 12 വയസുള്ള മകള്‍ ഫാത്തിമയും പാമ്പുകടിയേറ്റു മരിച്ചെന്നും പിന്നീട് ജീവന്‍ തിരിച്ചുകിട്ടിയെന്നും ദിവസങ്ങള്‍ക്കുശേഷം വീണ്ടും മരിച്ചെന്നുമുള്ള വാര്‍ത്തകളും കേട്ടത് 2003ലായിരുന്നു. 2005 ഡിസംബറില്‍ കുന്നംകുളം കാണിപ്പയ്യൂര്‍ മാന്തോപ്പ് രാച്ചാട്ടിരി കുമാരന്റെ മകന്‍ പ്രകാശ് പാമ്പു കടിയേറ്റു മരിച്ചെന്ന് വിധിയെഴുതിയ ശേഷം പാരമ്പര്യ ചികിത്സയിലൂടെ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചു. പിന്നെ ജീവിതത്തിലേക്കു തിരികെയെത്തി. ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍...
ഇന്ത്യയിലെ വിഷചികിത്സാ വിദഗ്ധരുടെ സമ്മേളനം പാരമ്പര്യ ചികിത്സയും പച്ചമരുന്നും പാമ്പിന്‍വിഷത്തിനു പ്രതിവിധിയല്ലെന്നും ശാസ്ത്രീയത തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രഖ്യാപിച്ചിരുന്നു. അപ്പോഴും പാരമ്പര്യ പച്ചമരുന്നു ചികിത്സകള്‍ പാമ്പു കടിയേറ്റു മരിച്ചവരെന്നു വിധിയെഴുതിയ നിരവധിപേരെ ജീവിതത്തിലേക്കു തിരികെ നടത്തിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് സാധാരണക്കാര്‍ മാത്രമല്ല. പലരേയും ആധുനിക ചികിത്സയാണ് രക്ഷിച്ചതെങ്കിലും അവരും മരണത്തിന്റെ ബാഹ്യമായ എല്ലാ അടയാളങ്ങളും പ്രകടിപ്പിച്ചവരായിരുന്നു.
നിലമ്പൂരിലെ റിട്ട. സിവില്‍ സര്‍ജനായ ഡോ. സി.എം ഗോപിനാഥന്‍ ഒരു സംഭവം വിവരിക്കുന്നത് കാണുക. കോഴിക്കോട് നാഷനല്‍ ആശുപത്രിയിലെ ചെസ്റ്റ് സ്‌പെഷലിസ്റ്റായിരുന്ന ഡോ. ലാലയുടെ അരികില്‍ പാമ്പു കടിയേറ്റു കൊണ്ടുവന്ന ഖദീജ എന്ന സ്ത്രീ മരണത്തിന്റെ എല്ലാ ബാഹ്യലക്ഷണങ്ങളും പ്രകടിപ്പിച്ചു. അവസാനം അവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടത്തെ ചികിത്സയിലൂടെ അവര്‍ അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നു.
മമ്പാടിനടുത്ത ആയിഷ തന്റെ അമ്മായിക്കുണ്ടായ അനുഭവം പറയുന്നതിങ്ങനെയാണ്. പാമ്പുകടിയേറ്റു മരിച്ചെന്ന് കരുതിയിരുന്ന അമ്മായിയുടെ ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുളിപ്പിച്ച് മയ്യിത്ത് പള്ളിയിലേക്കെടുക്കുന്നതിനു മുന്‍പാണ് ചിലര്‍ക്കു സംശയം തോന്നിയത്. ഒരു പച്ചമരുന്ന് കൊണ്ടു അവരും ജീവിതത്തിലേക്കു തിരിച്ചുവന്നു. മയ്യിത്ത് കുളിപ്പിച്ചതും ആളുകള്‍ സംസാരിച്ചതുമെല്ലാം അറിയാമായിരുന്നു. പക്ഷെ, എനിക്കൊന്നിനും സാധിക്കുമായിരുന്നില്ലെന്നാണ് അവര്‍ കണ്ണീരോടെ പ്രതികരിച്ചതെന്നും ആയിഷ പറയുന്നു.
ഒറ്റപ്പാലം എസ്.ആര്‍ നഗര്‍ കണിയത്ത് ഉണ്ണികൃഷ്ണന്റെ കഥ ഏറെ വിസ്മയകരമാണ്. പാമ്പുകടിയേറ്റ ഉണ്ണികൃഷ്ണന്റെ മരണം വൈദ്യശാസ്ത്രം സ്ഥിരീകരിച്ചു. വീട്ടുവളപ്പില്‍ ശവമടക്കാന്‍ കുഴിയും ഒരുക്കി. ശവം വീട്ടിലേക്കു കൊണ്ടുവരുന്ന വഴിമധ്യേയാണ് നെഞ്ചില്‍ മിടിപ്പുണ്ടെന്ന സംശയം ബന്ധുക്കള്‍ക്കുണ്ടായത്. ഉടനെ വിഷ ചികിത്സാലയത്തിലേക്കെത്തിക്കുകയായിരുന്നു. അവിടെ നിന്നു ആരോഗ്യത്തോടെ അയാള്‍ തിരിച്ചുവന്നു. ഉണ്ണികൃഷ്ണന്‍ പിന്നീട് കിണറ്റില്‍ വീണിട്ടും രക്ഷപ്പെട്ടു. തെങ്ങില്‍ നിന്നു വീണു മുതുകൊടിഞ്ഞിട്ടും അയാള്‍ ജീവിതത്തിലേക്കു നടന്നു. അവസാനം കുളത്തില്‍ മുങ്ങിയാണ് മരിച്ചത്.
ഇത്തരം സംഭവങ്ങളെയും വിശ്വാസങ്ങളെയും ദൃഢീകരിക്കുന്ന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ കുറിച്ചും ഈയിടെ വാര്‍ത്തകളുണ്ടായിരുന്നു. പുത്തന്‍ കണ്ടുപിടിത്തങ്ങളും പഴയ പാമ്പുകടി മരണവിശ്വാസങ്ങളും കൂട്ടിവായിക്കുമ്പോള്‍ ആ വിശ്വാസത്തില്‍ സത്യമുണ്ടായിരുന്നു എന്നുതന്നെയല്ലേ ബോധ്യപ്പെടുന്നത്.
പഠനങ്ങള്‍
മരിച്ചുവെന്ന് വിധിയെഴുതുമ്പോള്‍ പൂര്‍ണമരണം സംഭവിക്കുന്നില്ലെന്നും തിരിച്ചുവരാനുള്ള സാധ്യത ചില മരണങ്ങള്‍ക്കുണ്ടെന്നുമാണ് ഈ രംഗത്തെ ഗവേഷകനായ സാംപാര്‍ണിയയുടെ അഭിപ്രായം. നാലു പതിറ്റാണ്ടു മുന്‍പ് ഒരാളുടെ ഹൃദയം നിലയ്ക്കുന്നതോടെ മരണം സംഭവിച്ചു എന്നു വിധിയെഴുതിയിരുന്ന ഡോക്ടര്‍മാര്‍ ഇന്നു കൃത്രിമശ്വാസം നല്‍കി മരിച്ചിട്ടില്ലെന്നു വിധിയെഴുതുന്ന കാര്യം ഓര്‍മപ്പെടുത്തുകയാണദ്ദേഹം. സാംപാര്‍ണിയയുടെ അഭിപ്രായത്തില്‍ ഒരാള്‍ പൂര്‍ണമായും മരണത്തിനു കീഴ്‌പെടണമെങ്കില്‍ ഓരോ കോശത്തിനും മരണം സംഭവിക്കണം. ഹൃദയം നിലച്ചാലും പൂര്‍ണമരണം സംഭവിക്കാതെ 17 ദിവസം വരെ ജീവിച്ച സംഭവങ്ങളുണ്ടത്രെ. ബ്രിട്ടന്‍, യു.എസ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ഹൃദയാഘാതം മൂലം ക്ലിനിക്കല്‍ മരണം സ്ഥിരീകരിച്ച രണ്ടായിരം ആളുകളില്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേരും തങ്ങള്‍ക്കു ചുറ്റും സംഭവിച്ചതെല്ലാം സാക്ഷ്യപ്പെടുത്തി. മരിച്ചുകിടക്കുമ്പോള്‍ ചുറ്റുമുണ്ടായതെല്ലാം പലരും കൃത്യമായി ഓര്‍ത്തെടുത്തു. ഹൃദയം മരിച്ച ശേഷം 20-30 സെക്കന്‍ഡ് നേരം മാത്രമേ തലച്ചോറ് ഉണര്‍ന്നിരിക്കാറുള്ളൂവെന്നായിരുന്നു സാധാരണ പറയാറുള്ളത്. എന്നാല്‍ മൂന്നു മിനുറ്റിലേറെ ഹൃദയം നിലച്ചിട്ടും പിന്നീട് ഹൃദയസ്പന്ദനം വീണ്ടെടുത്തപ്പോള്‍ ആ സമയത്തെ കാര്യങ്ങളൊക്കെ മരിച്ചയാള്‍ അറിഞ്ഞിരുന്നതായി പഠനത്തില്‍ പറയുന്നുണ്ട്. ആ നിമിഷത്തില്‍ വിവരിക്കാനാകാത്ത ശാന്തി അനുഭവപ്പെട്ടെന്നും സമയം പറക്കുന്നതായും കാലചക്രം നിലയ്ക്കുന്നതായുമൊക്കെ അനുഭവപ്പെട്ടെന്നും ഇവര്‍ പ്രതികരിക്കുന്നു.
പേടിപ്പിക്കുന്നത് ജീവഭയം കൊണ്ട്
ഏകദേശം 3000 പാമ്പുവര്‍ഗങ്ങള്‍ ഭൂമുഖത്തുണ്ട്. പതിനഞ്ച് കുടുംബങ്ങളിലായാണ് അവയെ വര്‍ഗീകരിച്ചിരിക്കുന്നത്. ആകെ 216സ്പീഷിസുകള്‍ മാത്രമേ ഇന്ത്യയിലുള്ളൂ. ഈ 15 കുടുംബങ്ങളില്‍ 12ഉം വിഷമില്ലാത്തവ. എന്നാല്‍ ഇവയില്‍ അല്‍പ്പമെങ്കിലും വിഷമുള്ളതാകട്ടെ 52 ജാതികള്‍ മാത്രമാണ്. മനുഷ്യനെ കൊല്ലാന്‍ തക്ക വിഷമുള്ളത് മൂന്നോ നാലോ ഇനങ്ങള്‍ക്കു മാത്രമാണ്. എന്നാല്‍ ഇവ കടിക്കുന്നതോ ആത്മരക്ഷക്കുവേണ്ടിയും.
പാമ്പുകളുടെ വലിപ്പവും ആകാരവും ചീറ്റലുമെല്ലാം ഭയം ജനിപ്പിക്കുന്നു. ദംശനം മാത്രമല്ല, ശത്രുവിനെ നേരിടാന്‍ മറ്റുപല സൂത്രങ്ങളും പാമ്പുകള്‍ പ്രയോഗിക്കും. ചേര തലയുയര്‍ത്തി ചീറ്റും. തലയുടെ കീഴ്ഭാഗം വീര്‍പ്പിച്ച് മൂര്‍ഖന്റേതുപോലെ പത്തിയാക്കി വിടര്‍ത്താന്‍ ശ്രമിക്കും. ഇതു മനസിലാകാത്തവര്‍ പേടിച്ചോടും. അണലി കാറ്റ് വലിച്ചെടുത്ത് ശക്തിയായി ഊതും. ആരും പേടിച്ചുപോകും. ശരീരം വീര്‍പ്പിച്ച് വണ്ണം കൂട്ടാനും ഇവയ്ക്കു കഴിയും. ശ്വാസകോശത്തിന്റെ ഒരു സവിശേഷതമൂലമാണ് ഇതു സാധ്യമാകുന്നത്.
കാറ്റുനിറച്ചു വീര്‍പ്പിച്ചതുപോലുള്ള ഈ ഭാഗത്ത് അടിച്ചാല്‍ വടി തെറിക്കും. പാമ്പിന്റെ അവയവങ്ങള്‍ക്കു പരുക്കേല്‍ക്കില്ല. അപകടങ്ങളെയും ആഘാതങ്ങളെയും അതിജീവിക്കാന്‍ പ്രകൃതി അവയ്ക്കു കനിഞ്ഞുനല്‍കിയ ഒരനുഗ്രഹമാണത്. എല്ലാം ജീവന്‍ രക്ഷിക്കാനുള്ള അതിന്റെ മുറവിളി മാത്രമാണ്. ഒരിക്കലും ഒരു പാമ്പും അതിനെ ഉപദ്രവിക്കാതെ മനുഷ്യനെ തിരിച്ച് ഉപദ്രവിക്കുന്നില്ല. നാട്രിക്‌സ് നാട്രിക്‌സ് എന്ന പച്ചപ്പുല്‍പാമ്പ് വൃത്തികെട്ട മണമുണ്ടാക്കിയാണ് ശത്രുവിനെ തുരത്തുക. മുഖംനോക്കി ഛര്‍ദിക്കും. മലം വിസര്‍ജിക്കാനോ ഒട്ടും മടിയില്ല. ഇരപിടിയനെ അടുത്തുകണ്ടാല്‍ തല്‍ക്ഷണം വാ പിളര്‍ത്തി നാക്കു പുറത്തിട്ട് ചത്തപോലെ കിടക്കും. അഭിനയം കൊണ്ടു രക്ഷപ്പെടാന്‍ ഇവയെക്കഴിഞ്ഞേ മറ്റാരുമുള്ളൂ. എല്ലാം ജീവനു ഭീഷണിയാണെന്നറിയുമ്പോള്‍ മാത്രം കാണിക്കുന്ന നാടകങ്ങളാണത്.
പാമ്പിന്‍ വിഷം തടയാന്‍ ക്യാപ്‌സൂള്‍
പാമ്പുകടിമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിവര്‍ഷം ഏതാണ്ട് അര ലക്ഷം പേര്‍ രാജ്യത്തു മരിക്കുന്നുവെന്നാണ് 2011ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. പാമ്പു കടിയേല്‍ക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ മരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും തക്കസമയത്ത് ചികിത്സ കിട്ടാത്തതുമൂലമോ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയോ ആണ് മരിക്കുന്നത്. ഇതിനു പരിഹാരമായി പുതിയ ക്യാപ്‌സൂളും കണ്ടുപിടിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റാല്‍ വിഷബാധയെ തടഞ്ഞുനിര്‍ത്താന്‍ ഉതകുന്ന ക്യാപ്‌സൂള്‍ കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് കണ്ടെത്തിയത്. മെഡിക്കല്‍ ഷോപ്പുകള്‍ വഴിയും വ്യാപകമായി ലഭ്യമാക്കാമെന്നതിനാല്‍ പാമ്പിന്‍ വിഷത്തെ വലിയ തോതില്‍ ചെറുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."